
കൊച്ചി: കേരളത്തിൽ കോവിഡ് വ്യാപനം കൂടുതൽ രൂക്ഷമാകാതിരിക്കാൻ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി നിർദ്ദേശം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് മേയ് ഒന്ന് മുതൽ നാലു വരെ സംസ്ഥാനത്ത് ഒരുതരത്തിലുള്ള കൂടിച്ചേരലുകളും ഉണ്ടാകരുതെന്നും നിലവിലെ സാഹചര്യത്തിൽ കോവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ച് ഒത്തുകൂടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ രാഷ്ട്രീയപാർട്ടികളുടെ വിജയാഹ്ലാദ പ്രകടനങ്ങൾ അനുവദിക്കരുത്. പൊലീസും ജില്ലാ ഭരണകൂടവും ഇക്കാര്യം ഉറപ്പു വരുത്തണം. അനധികൃതമായി ഒത്തുകൂടുന്നവർക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച് കേസെടുക്കണമെന്നും കോടതി നിർദ്ദേശിച്ചു.






