
ഹീറോ മോട്ടോകോര്‍പ്പ് പുതുതായി വര്‍ച്വല്‍ ഷോറൂം ഫീച്ചര്‍ അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. ഇതിലൂടെ ഉപയോക്താക്കള്‍ക്ക് ഡിജിറ്റല്‍ ഷോപ്പിംഗ് അനുഭവം നൽകുകയാണ് ഹീറോ മോട്ടോകോര്‍പ്പിന്റെ ലക്ഷ്യം. ഷോറൂമിന്റെയും ഉല്‍പ്പന്നങ്ങളുടെയും 360 ഡിഗ്രി കാഴ്ച്ച ലഭിക്കുംവിധമാണ് വര്‍ച്വല്‍ ഷോറൂം ഒരുക്കിയിരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് വര്‍ച്വല്‍ ഷോറൂമിലൂടെ ഹീറോ മോട്ടോകോര്‍പ്പിന്റെ ഉല്‍പ്പന്നങ്ങള്‍ ഡിജിറ്റലായി വാങ്ങാന്‍ കഴിയും. വര്‍ച്വല്‍ ഷോറൂം വഴി വിവിധ മോഡലുകളുടെ ഫീച്ചറുകളും സാങ്കേതിക വിശദാംശങ്ങളും അറിയാം.
ഹീറോ മോട്ടോകോര്‍പ്പ് വെബ്സൈറ്റിലൂടെ ഉപയോക്താക്കള്‍ക്ക് വര്‍ച്വല്‍ ഷോറൂമിലേക്ക് പ്രവേശിക്കാം. ഒരു യഥാര്‍ത്ഥ ഷോറൂമിന്റെ അന്തരീക്ഷം സൃഷ്ടിച്ചതാണ് വര്‍ച്വല്‍ ഷോറൂമിന്റെ ആദ്യ പേജ്. നിലവില്‍ വര്‍ച്വല്‍ ഷോറൂമില്‍ ഒമ്പത് ഉല്‍പ്പന്നങ്ങളാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. എന്നാൽ, വാഹനത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയണമെങ്കില്‍ ഉപയോക്താക്കള്‍ക്ക് കോള്‍ ബാക്ക് സൗകര്യം ആവശ്യപ്പെടാന്‍ സാധിക്കും. അല്ലെങ്കില്‍ നേരിട്ട് ഓണ്‍ലൈന്‍ വഴി ഉല്‍പ്പന്നം വാങ്ങാമെന്നാണ് റിപ്പോർട്ട്.
ഉപയോക്താക്കള്‍ക്ക് ഇരുചക്ര വാഹനങ്ങളുടെ 3ഡി അനുഭവം ലഭിക്കുന്നതിന് ‘ഹീറോ പ്രൊഡക്റ്റ് കോണ്‍ഫിഗറേറ്റര്‍’ ഫീച്ചര്‍ ഉപയോഗപ്പെടുത്താം. വാഹനത്തിന് ഓപ്ഷണല്‍ ആക്സസറികള്‍ തെരഞ്ഞെടുക്കുന്നതിന് ആക്സസറി കോണ്‍ഫിഗറേറ്റര്‍ ഉപയോഗിക്കാം. ഫീച്ചറുകള്‍, കളര്‍ ഓപ്ഷനുകള്‍, വേരിയന്റുകള്‍ തുടങ്ങിയ വിവരങ്ങള്‍ അറിയാന്‍ കഴിയും. വേരിയന്റ്, നിങ്ങളുടെ ലൊക്കേഷന്‍ എന്നിവയനുസരിച്ച് വാഹനത്തിന്റെ വിലയില്‍ മാറ്റം വരും. ഓഗ്മെന്റഡ് റിയാലിറ്റി സൗകര്യം ഉപയോഗിച്ചാൽ വിവിധ മോഡലുകളുടെ വ്യത്യസ്ത കാഴ്ചകൾ ലഭിക്കും. ഐഒഎസ്, ആന്‍ഡ്രോയ്ഡ് ഡിവൈസുകളില്‍ ഓഗ്മെന്റഡ് റിയാലിറ്റി ഫീച്ചര്‍ ഇതിനായി പ്രയോജനപ്പെടുത്താവുന്നതാണ്.






