
സിവിക്കിന്റെ 11-ാം തലമുറ ആഗോളതലത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ് ഹോണ്ട. മുന്‍ മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി സ്പോര്‍ട്ടി ഭാവമാണ് പുതിയ മോഡലിലുള്ളത്. പുതുതലമുറ സിവിക്കിന്റെ കണ്‍സെപ്റ്റ് കഴിഞ്ഞ നവംബറില്‍ ഹോണ്ട പുറത്തുവിട്ടിരുന്നു. ഒരു ന്യൂജനറേഷന് വാഹനമായാണ് 11-ാം തലമുറ സിവിക്ക് എത്തിയിട്ടുള്ളത്.
കൂടുതൽ അലങ്കാരപണികള്‍ ഇല്ലാതെ സിംപിളായ മുഖഭാവമാണ് സിവികിന് ലഭിക്കുന്നത്. കറുപ്പ് നിറമാണ് ഗ്രില്ലിന്. ഇത് വളരെ ചെറുതാണ്. മുഖഭാവത്തിന് കൂടുതൽ ലുക്ക് നൽകുന്നത് വീതി കുറഞ്ഞ നീളമുള്ള ഹെഡ്ലൈറ്റാണ്. ഒമ്പത് നിരയായി എല്‍.ഇ.ഡികള്‍ അടുക്കിയാണ് ഈ ലൈറ്റ് ഒരുങ്ങിയിട്ടുള്ളത്. കര്‍വുകള്‍ നല്‍കിയിട്ടുള്ള വലിയ ബമ്പറില്‍ ബ്ലാക്ക് ക്ലാഡിങ്ങിന്റെ അകമ്പടിയിലാണ് ഫോഗ്ലാമ്പിന്റെ സ്ഥാനം. മുഖഭാവം പൂര്ണമാകാൻ വലിയ എയര്‍ ഡാം കൂടി നൽകിയിരിക്കുന്നു.
ഡാഷ്ബോര്‍ഡിന്റെ ഡിസൈനിൽ നിരവധി മാറ്റങ്ങൾ ആണ് ഉള്ളത്. ചിട്ടയായി നിരത്തിയിട്ടുള്ള ക്ലൈമറ്റ് കണ്ട്രോള് പാനല്‍, ഫ്ളോട്ടിങ്ങാണ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, മള്‍ട്ടി ഫങ്ഷന് സ്റ്റിയറിങ്ങ് വീല്‍, ലെതര്‍-ഫാബ്രിക് ഫിനീഷിങ്ങിലുള്ള സീറ്റുകള്‍ തുടങ്ങിയവയാണ് അകത്തളത്തെ സവിശേഷതകൾ. സിവിക് ഇത്തവണ രണ്ട് എന്ജിന് ഓപ്ഷനുകളിലാണ് എത്തുന്നത്. രണ്ടും പെട്രോള്‍ എന്‍ജിനാണ്. 2.0 ലിറ്റര്‍ എന്‍.എ, 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്നീവയാണ് ലഭിക്കുന്നത്.






