
ന്യൂഡല്‍ഹി : കൊറോണ വ്യാപനം രൂക്ഷമാകുന്ന ഡല്‍ഹിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ബിജെപി എംപി ഗൗതം ഗംഭീര്‍. ഓക്സിജന്‍ സിലിണ്ടറുകളും എത്തിക്കുന്നതിനു പുറമേ 200 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ സൗജന്യമായി നല്കാനുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ദിവസങ്ങളായി താന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ വാങ്ങാന്‍ ശ്രമിക്കുകയായിരുന്നുവെന്നും , ആവശ്യമുള്ളവര്‍ തന്റെ വാട്ട്സ്ആപ്പ് നമ്പറില്‍ ബന്ധപ്പെടണമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ' ഒരു ഫോം പൂരിപ്പിച്ച് നല്‍കുക , വേണ്ടയിടത്ത് ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ എത്തിച്ചു നല്‍കും , ഡല്‍ഹിയെ ഞങ്ങള്‍ ഉപേക്ഷിക്കില്ല , ജയ് ഹിന്ദ് ' അദ്ദേഹം ട്വീറ്റ് ചെയ്തു.
സ്വന്തം ചിലവിലാണ് ഗൗതം ഗംഭീര്‍ ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ വാങ്ങിയത് . ഡല്‍ഹിയില്‍ എവിടെയും താമസിക്കുന്നവര്‍ക്ക് ഡോക്ടറുടെ കുറിപ്പ്, രോഗികളുടെ വിശദാംശങ്ങള്‍ , ആധാര്‍ വിശദാംശങ്ങള്‍ എന്നിവ നല്കി ഗംഭീറിന്റെ ഓഫീസില്‍ നിന്ന് ഓക്സിജന്‍ കോണ്സെന്ട്രേറ്റര് വാങ്ങാവുന്നതാണ്.
സാമൂഹ്യ സേവനത്തിനായി ആരംഭിച്ച ഗൗതം ഗംഭീര്‍ ഫൗണ്ടേഷന് മുഖേനയാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. നേരത്തെ സ്വന്തം മണ്ഡലമായ കിഴക്കന്‍ ഡല്‍ഹിയില്‍ മാത്രമാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. എന്നാല്‍ രോഗവ്യാപനം രൂക്ഷമായതോടെ ഡല്‍ഹിയിലേക്ക് മൊത്തമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുകയായിരുന്നു.






