
ഈ വർഷം ഫെബ്രുവരിയിലാണ് ഇന്ത്യയിൽ കോംപാക്ട് എസ്യുവി സെഗ്മെന്റിലേക്ക് റെനോയുടെ കോംപാക്ട് എസ്യുവി കൈഗർ എത്തുന്നത്. 5.45 ലക്ഷം മുതൽ 9.55 ലക്ഷം വരെ ആയിരുന്നു എക്സ്-ഷോറൂം വില. റിപ്പോർട്ട് പ്രകാരം ലോഞ്ച് കഴിഞ്ഞ് 3 മാസം തികയുന്നതിന് മുൻപ് കൈഗറിന്റെ വില റെനോ ഇന്ത്യ വർദ്ധിപ്പിച്ചു. വേരിയന്റുകൾക്കനുസരിച്ച് 3,000 രൂപ മുതൽ 33,000 രൂപ വരെയാണ് റെനോ വർദ്ധിപ്പിച്ചിരിക്കുന്നത്.
പ്ലാനറ്റ് ഗ്രേ, ഐസ് കൂൾ വൈറ്റ്, മൂൺലൈറ്റ് ഗ്രേ, മഹാഗണി ബ്രൗൺ, കാസ്പിയൻ ബ്ലൂ, റേഡിയൻറ് റെഡ് വിത്ത് മിസ്റ്ററി ബ്ലാക്ക് റൂഫ് എന്നിങ്ങനെ 6 നിറങ്ങളിൽ റെനോ കൈഗർ സ്വന്തമാക്കാം. റെനോയുടെ സ്വന്തം വിങ് ഗ്രിൽ, രണ്ടായി ഭാഗിച്ച ഹെഡ്ലാംപ് ക്ലസ്റ്റർ, C ഷെയ്പ്പിലുള്ള ടെയിൽ ലാംപ് എന്നിവ ലഭിക്കുന്നു. കൈഗറിന് ഒരു കൂപെ എസ്യുവി ഡിസൈൻ ഭാഷ്യം ആണ് ഉള്ളത്. ഹെക്സഗോണൽ എസി വെന്റുകൾക്ക് ഇളം ചാരനിറത്തിലുള്ള ഫിനിഷ്, ചാരനിറത്തിലുള്ള ലേയേർഡ് ഡാഷ്ബോർഡ്, സെന്റർ കൺസോളിലും പവർ വിൻഡോ സ്വിച്ചുകളിലും കറുത്ത പ്ലാസ്റ്റിക് ഹൈലൈറ്റുകൾ എന്നിവയാണ് റെനോ കൈഗറിന്റെ ഇന്റീരിയറിൽ.
ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ആംബിയന്റ് ലൈറ്റിംഗ്, പുഷ്-ബട്ടൺ സ്റ്റാർട്ട്, കീലെസ് എൻട്രി,പിഎം 2.5 എയർ ഫിൽട്ടർ എന്നിവയാണ് കിഗെറിന്റെ ഉയർന്ന ട്രിമ്മുകളിൽ നൽകിയിരിക്കുന്നു. ട്രൈബറിലെ 1.0 ലിറ്റർ 3 സിലിണ്ടർ നാച്ചുറലി അസ്പിറേറ്റഡ് പെട്രോൾ എൻജിൻ ആണ് ഒന്ന്. 72 പിഎസ് പവറും 96 എൻഎം ടോർക്കും ഇത് നിർമ്മിക്കുന്നു. ഈ എൻജിൻ 5-സ്പീഡ് മാന്വൽ, എഎംടി ഗിയർബോക്സുകളോടൊപ്പം ലഭിക്കും. 98 ബിഎച്പി പവറും 160 എൻഎം ടോർക്കും നിർമ്മിക്കുന്ന നിസ്സാൻ മാഗ്നൈറ്റിലെ 1.0-ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എൻജിനിലും കൈഗർ എത്തുന്നു. 5-സ്പീഡ് മാന്വൽ, സിവിടി ഓട്ടോമാറ്റിക് എന്നിവയാണ് ഈ എൻജിനോടൊപ്പമുള്ള ഗിയർബോക്സുകൾ.






