
കുവൈത്ത് സിറ്റി: വലിയ മെത്രാപ്പോലീത്ത, നര്‍മത്തിന്റെ തമ്പുരാന് എന്നിങ്ങനെ നിരവധി വിശേഷണങ്ങളുള്ള മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ മുന്‍ പരമാധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ ദേഹവിയോഗം കുവൈത്തിനും തീരാനഷ്ടമാണ്.
അപ്പച്ചന് തിരുമേനി എന്ന പേരീല് കുവൈത്തിലെ പുതുതലമുറ വിളിക്കുന്ന മാര്‍ ക്രിസോസ്റ്റം തിരുമേനിക്ക് കുവൈത്ത് എന്നും പ്രിയപ്പെട്ടതായിരുന്നു. എല്ലാവരോടും വ്യക്തിബന്ധം കാത്തുസൂക്ഷിച്ചിരുന്ന ആചാര്യനായിരുന്നു അദ്ദേഹം. നര്‍മം കലര്‍ന്ന സംഭാഷണങ്ങളിലൂടെ എല്ലാവരുടെയും സൗഹൃദം സമ്പാദിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. മറ്റ് മതവിശ്വാസികളോടും അദ്ദേഹത്തിന് സൗഹൃദമുണ്ടായിരുന്നു.കുവൈത്ത് സ്വദേശികളുമായും അഭേദ്യമായ ബന്ധം. കുവൈത്തിനെ സ്നേഹിക്കുകയും കുവൈത്ത് സ്നേഹിക്കുകയും ചെയ്ത ആചാര്യനായിരുന്നു കാലം ചെയ്ത അപ്പച്ചന് തിരുമേനി.
മാര്‍ത്തോമ്മ സഭയെ കുവൈത്തില്‍ നട്ടുവളര്‍ത്തിയത് അദ്ദേഹമാണ്. കുവൈത്തിലെ ഇടവകകളിലെ പ്രധാനപ്പെട്ട എല്ലാ പരിപാടികള്‍ക്കും നിറസാന്നിധ്യമായിരുന്നു അദ്ദേഹം. തങ്ങളുടെ കുടുംബത്തിലെ മുതിര്‍ന്ന കാരണവരുടെ വിയോഗമാണ് എല്ലാവരുടെയും മനസുകളില്‍. പാണ്ഡിത്യവും വിനയവും നര്‍മവും ആത്മീയതയും സമന്വയിപ്പിച്ച അദ്ദേഹവുമായുള്ള ബന്ധം കുവൈത്തിലെ എല്ലാവരുടെയും മനസുകളില്‍ നിറഞ്ഞുനില്ക്കുന്നു.
ഏഴ് പതിറ്റാണ്ടിലേറെയുള്ള ബന്ധം...
കുവൈത്ത് എന്ന കൊച്ചുരാജ്യവുമായി ഏഴ് പതിറ്റാണ്ടിലേറെ ബന്ധമുണ്ടായിരുന്നു ക്രിസോസ്റ്റം തിരുമേനിക്ക്. സഹോദരനായ ജേക്കബ് ഉമ്മന്‍ 1950-ല്‍ ഇന്നത്തെ അമിരി ആശുപത്രിയായ അമേരിക്കന്‍ മിഷന് ആശുപത്രിയില്‍ ഡോക്ടറായി സേവനമനുഷ്ഠിക്കുമ്പോള്‍തന്നെ കുവൈത്തുമായി ആദ്ദേഹത്തിനു ബന്ധമുണ്ടായിരുന്നു. പിന്നീട് 1952 ല്‍ മാര്ത്തോമ്മാക്രമത്തില് സഭയുടെ കുര്ബാനപുസ്തകമുപയോഗിച്ച് മലയാളത്തില്‍ കുവൈത്തില്‍ ആദ്യമായി വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചത് പിന്നീട് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയായ ഫാ. കലമണ്ണില്‍ ഫിലിപ്പ് ഉമ്മന്‍ ആയിരുന്നു.
കുവൈത്തിലെ ആദ്യ മലയാളം കുര്‍ബാനയര്‍പ്പണമായിരുന്നു ഇത്. കുവൈത്തിലെ സഭാവിശ്വാസികള്‍ക്ക് സ്ഥിരമായി ഒരു പട്ടക്കാരന്റെ ആവശ്യമുണ്ടെന്ന് വിശ്വാസികളെ ബോധവത്കരിച്ചതും സ്ഥിരമായി ഒരു വൈദികന്റെ സേവനം ഏര്‍പ്പെടുത്തിയതും അദ്ദേഹമായിരുന്നു. 1963 ലും 1975 ലും രണ്ടു തവണയായി പത്തുവര്‍ഷം ക്രിസോസ്റ്റം തിരുമേനിയുടെ അധികാര പരിധിയിലായിരുന്നു കുവൈത്ത് ഇടവകകള്‍.
ബാഹ്യകേരള ബിഷപ്പും മിഷനറി ബിഷപ്പുമായിരുന്ന കാലത്തും അതിന് ശേഷവും നിരവധി തവണ അദ്ദേഹം കുവൈത്ത് സന്ദര്‍ശിച്ചിട്ടുണ്ട്. കുവൈത്തിലെ മാര്‍ത്തോമ്മാ സഭയുടെ 60 ാം വാര്‍ഷികവും തിരുമേനിയുടെ നവതി ആഘോഷങ്ങളും സംഘടിപ്പിച്ച 2012 ലായിരുന്നു അദ്ദേഹത്തിന്റെ അവസാന കുവൈത്ത് സന്ദര്‍ശനം.
സിറ്റി മര്‍ത്തോമ്മ ചര്‍ച്ച്,അഹ്മദി മര്‍ത്തോമ്മ ചര്‍ച്ച്, ഇമ്മാനുവേല്‍ മര്‍ത്തോമ്മ ചര്‍ച്ച് അഹ്മദി,സാല്‍മിയ സെന്റെ തോമസ്,സാല്‍മിയ സെന്റ് ജെയിംസ്, കുടാതെ അബ്ബാസിയായില് സെന്റെ ജോണ്‍സും സെന്റെ് പീറ്റേഴ്സ് അടക്കം ഏഴ് ഇടവകകളിലായി ഏഴായിരത്തോളം മാര്‍ത്തോമ്മ കുടുംബങ്ങളാണ് ഇന്ന് കുവൈത്തിലുള്ളത്. വര്‍ഷങ്ങള്‍ക്കുമുമ്പുണ്ടായിരുന്ന ബന്ധം ഇതുവരെ സൂക്ഷിച്ചിരുന്ന അപൂര്‍വ വ്യക്തിത്വമായിരുന്നു മാര്‍ ക്രിസോസ്റ്റം. അദ്ദേഹത്തിന്റെ വ്യക്തിപരമായ പരിലാളനയില്‍ വളര്‍ന്നുവന്ന നിരവധിപേര്‍ കുവൈത്തിലുണ്ട്.
അനില്‍ പി അലക്സ്





