
കിയ മോട്ടോഴ്സിന്റെ ആഡംബര എം.പി.വി കാര്‍ണിവല്‍. 2020-ല്‍ തലമുറ മാറ്റം വരുത്തി വിപണിയിൽ എത്തിയിരുന്നു. റിപ്പോർട്ട് പ്രകാരം ഈ എം.പി.വി. ഇടി പരീക്ഷയിൽ മികച്ച വിജയം നേടിയിരിക്കുന്നു. കിയ കാര്‍ണിവല്‍ ഓസ്ട്രേലിയന്‍ എന്‍ ക്യാപ് ക്രാഷ് ടെസ്റ്റിലാണ് ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് നേടി സുരക്ഷയില്‍ കരുത്തനാണെന്ന് തെളിയിച്ചത്.
കാര്‍ണിവല്‍ എന്ന വാഹനം 2020-ഫെബ്രുവരിയിലാണ് ഇന്ത്യന്‍ നിരത്തുകളില്‍ എത്തുന്നത്. തുടർന്ന് കാര്‍ണിവല്‍ എം.പി.വിയില്‍ തലമുറ മാറ്റവും സംഭവിച്ചു. കിയയുടെ പുതിയ കാര്‍ണിവല്‍ ചില വിദേശ രാജ്യങ്ങളില്‍ മാത്രമാണ് എത്തിയിട്ടുള്ളത്. പുതിയ മോഡല്‍ 2022-ല്‍ ഇന്ത്യയില്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഓസ്ട്രേലിയന്‍ എന്‍ ക്യാപ് ഇടിപരീക്ഷയ്ക്ക് കാര്‍ണിവലിന്റെ എട്ട് സീറ്റര്‍ പതിപ്പാണ് ഹാജരായത്.
വാഹനത്തിലെ യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കുന്നതിലും കൊളീഷന്‍ അവോയിഡന്‍സ് അസസ്മെന്റിലും ഈ എം.പി.വി. മികച്ച മാര്‍ക്കാണ് നേടിയത്. അതുപോലെ മുതിര്‍ന്ന യാത്രക്കാര്‍ക്കും കുട്ടികള്‍ക്കുമുള്ള സുരക്ഷയില്‍ മികച്ച മാർക്ക് കരസ്ഥമാക്കി. സൈഡ് ഇംപാക്ട് ടെസ്റ്റിലും വാഹനം തിളങ്ങി. ഫ്രണ്ടല്‍ ഇംപാക്ട് പരീക്ഷണത്തിലും വശങ്ങളില് നിന്ന് ഉണ്ടായേക്കാവുന്ന ആഘാതങ്ങളും കാര്‍ണിവലിന് വെല്ലുവിളി ഉയര്‍ത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്. ഹെഡ്-പ്രൊട്ടക്ടിങ്ങ് എയര്‍ബാഗുകള്‍, ഇന്റലിജെന്റ് സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകള്‍, ഐ.എസ്.ഒ. ഫിക്സ് ആങ്കറുകള്‍, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിങ്ങ് സംവിധാനം, ആക്ടീവ് ലെയ്ന്‍ കീപ്പിങ്ങ് തുടങ്ങിയ ആധുനിക സുരക്ഷ സംവിധാനങ്ങള്‍ കാര്‍ണിവലില്‍ ലഭ്യമാണ്.






