കോവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗത്തിൽ ഇന്ത്യ വൻ പ്രതിസന്ധിയാണ് നേരിടുന്നത്. എന്നാൽ, പുതിയ റിപ്പോർട്ട് പ്രകാരം മഹാമാരിയിൽ ഗുരുതരാവസ്ഥയിൽ ആകുന്ന രോഗികളെ സഹായിക്കാൻ ഓക്സിജൻ ഓൺ വീൽസ് പദ്ധതിയുമായി എത്തിയിരിക്കുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം). മഹീന്ദ്ര ലോജിസ്റ്റിക്സിന്റെ നേതൃത്വത്തിൽ ‘ഓക്സിജൻ ഓൺ വീൽസ്’ എന്നു പേരിട്ട സിലിണ്ടർ വിതരണ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. കോവിഡ് 19’രോഗികൾ ചികിത്സയിൽ കഴിയുന്ന ആശുപത്രികളിലെ ഓക്സിജൻ ലഭ്യത ഉറപ്പാക്കുക ആണ് ലക്ഷ്യം.
മഹാരാഷ്ട്രയിലെ മുംബൈ, താനെ, പുണെ, ചക്കൻ, പിംപ്രി — ചിഞ്ച്വാഡ്, നാസിക്, നാഗ്പൂർ നഗരങ്ങളിലായിരുന്നു ‘ബൊലേറൊ’ പിക് അപ് ട്രക്കുകൾ വിന്യസിച്ചു മഹീന്ദ്രയുടെ ‘ഓക്സിജൻ ഓൺ വീൽസ്’ പദ്ധതി ആരംഭിച്ചത്. ഡൽഹിയിലേക്കും പദ്ധതി വ്യാപിപ്പിച്ചതായി മഹീന്ദ്ര ഗ്രൂപ് ചെയർമാൻ ആനന്ദ് മഹീന്ദ്ര അറിയിച്ചു. രാജ്ഘട്ടിലെയും മായാപുരിയിലെയും ഓക്സിജൻ ഡിപ്പോകളിൽ നിന്ന് അടിയന്തിര സാഹചര്യം നേരിടുന്ന ആശുപത്രികളിലേക്ക് സിലിണ്ടറുകൾ എത്തിച്ചു തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി സർക്കാർ പദ്ധതിയുമായി സഹകരിക്കുന്നുണ്ടെന്നും വരും ദിവസം ഡൽഹിയിൽ ‘ഓക്സിജൻ ഓൺ വീൽസ്’ പ്രവർത്തനം വിപുലീകരിക്കുമെന്നും മഹീന്ദ്ര വ്യക്തമാക്കി.
കോവിഡ് 19 രണ്ടാം തരംഗം ഉയർത്തിയ വെല്ലുവിളിയും ‘കോവിഡ് 19’ മഹാമാരി മഹാരാഷ്ട്രയിൽ ഗുരുതര പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്തതോടെയാണ് മഹീന്ദ്ര ഓക്സിഡൻ സിലിണ്ടർ വിതരണത്തിനായി പുതിയ പദ്ധതി ആവിഷ്കരിച്ചത്. നൂറിലേറെ ‘ബൊലേറൊ’ പിക് അപ് ട്രക്കുകളാണു കമ്പനി ഈ പദ്ധതിക്കായി വിന്യസിച്ചത്. അത്യാസന്ന നിലയിലുള്ള രോഗികൾക്ക് ഓക്സിജൻ എത്തിക്കാൻ സാധിക്കുംവിധത്തിൽ വാഹനങ്ങൾ പരിഷ്കരിച്ചിട്ടുണ്ട്.






