
ആമസോണ്‍ ഡോട്ട് കോം കാനഡയിലും ഇന്ത്യയിലും നടക്കേണ്ട വാര്‍ഷിക പ്രൈം ഡേ വില്‍പ്പന താല്‍ക്കാലികമായി മാറ്റിവെച്ചു. കോവിഡ് -19 വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ആണ് ആമസോണിന്റെ തീരുമാനം. അതേസമയം; യുഎസിലെ പ്രൈം ഡേ വില്‍പ്പനയിൽ മാറ്റമില്ലെന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പറയുന്നു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തങ്ങളുടെ ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് വില്‍പ്പന മാറ്റിവെയ്ക്കാനുള്ള തീരുമാനം കമ്പനി എടുത്തിട്ടുള്ളത്.
കാനഡയിലും ഇന്ത്യയിലും വാക്സിനേഷന്റെ വേഗം വേണ്ട അളവില്‍ ആയിട്ടില്ലെന്നും ആമസോണ്‍ വിലയിരുത്തുന്നു. മഹമാരിയുടെ വ്യാപനം കാരണം കഴിഞ്ഞ വര്‍ഷം ലോകവ്യാപകമായി തങ്ങളുടെ പ്രൈം ഡേ വാര്‍ഷിക വില്‍പ്പന ആമസോണിന് ഉപേക്ഷിക്കേണ്ടി വന്നിരുന്നു. പ്രൈം ഡേ വില്‍പ്പനയുടെ പ്രധാന ലക്ഷ്യം പ്രൈം ഉപഭോക്താക്കളെ നിലനിര്‍ത്തുകയും പുതിയ ഉപഭോക്താക്കളെ പ്രൈം വിഭാഗത്തിലേക്ക് ആകര്‍ഷിക്കുകയുമാണ്. ഉല്‍പ്പന്നങ്ങള്‍ക്ക് ഡിസ്കൗണ്ടുകള്‍ ലഭ്യമാകാനും വിഡിയോ സ്ട്രീമിംഗ് ഉള്‍പ്പടെയുള്ള സേവനങ്ങള്‍ക്കായും മാസത്തിലോ വര്‍ഷത്തിലോ ഫീസ് അടയ്ക്കുന്ന ഉപഭോക്താക്കളെയാണ് പ്രൈം വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്.






