
ജാപ്പനീസ് വാഹന നിർമാതാക്കളായ ഇസൂസു ബിഎസ്6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്ന ഡി-മാക്സ് പിക്ക്അപ് ട്രക്ക് അവതരിപ്പിച്ചു. ഇതോടൊപ്പം എസ്യുവി മോഡൽ ആയ എംയു-എക്സിന്റെയും പരിഷ്കരിച്ച വകഭേദം വിപണിയിലെത്തിച്ചു. റിപ്പോർട്ട് പ്രകാരം 4x2 പതിപ്പിന് 33.23 ലക്ഷവും 4x4 പതിപ്പിന് 35.19 ലക്ഷവുമാണ് എക്സ്-ഷോറൂം വില. എന്നാൽ, ബിഎസ്4 പതിപ്പിന്റെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ 4x2 പതിപ്പിന്റെ വില 5.88 ലക്ഷവും, 4x4 പതിപ്പിന്റെ വില 5.87 ലക്ഷവും കൂടുതലാണ്.
പുത്തൻ ഇസൂസു എംയു-എക്സിലെ പ്രധാന മാറ്റം 163 എച്ച്പി പവറും, 360 എൻഎം ടോർക്കും നിർമ്മിക്കുന്ന 1.9 ലിറ്റർ, നാല് സിലിണ്ടർ ടർബോ ഡീസൽ എൻജിനാണ്. ബിഎസ്4 പതിപ്പിലെ 3.0-ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിന് പകരമാണ് ഡിസ്പ്ലേസ്മെന്റ് കുറഞ്ഞ പുത്തൻ എൻജിൻ. അതുകൊണ്ട് തന്നെ ബിഎസ്6 ഇസൂസു എംയു-എക്സ് എസ്യുവിയ്ക്ക് 13 ബിഎച്പി പവറും 20 എൻഎം ടോർക്കും കുറവാണ്. ഈ എൻജിൻ 6-സ്പീഡ് സീക്വൻഷ്യൽ ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് ചേർത്തുവെച്ചിരിക്കുന്നത്.
ഫീച്ചറുകളിൽ വ്യത്യാസമില്ലെന്നാണ് റിപ്പോർട്ട്. സിൽക്കി വൈറ്റ്, റെഡ് സ്പൈനൽ മൈക്ക, പേൾ ഗലേന, ഗ്രേ ബ്ലാക്ക് മൈക്ക, സിൽവർ മെറ്റാലിക് എന്നീ നിറങ്ങളോടൊപ്പം നോട്ടിലസ് ബ്ലൂ എന്ന പുത്തൻ നിറത്തിലും ബിഎസ്6 ഇസൂസു എംയു-എക്സ് എസ്യുവി വിപണിയിൽ എത്തും. 18 ഇഞ്ച് അലോയ് വീലുകൾ, ക്രോം-ഇൻഡ്യൂസ്ഡ് ഫ്രണ്ട് ഗ്രിൽ, ബൈ-എൽഇഡി പ്രൊജക്ടർ ലെൻസ് ഹെഡ്ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകൾ, എന്നിവയാണ് ബിഎസ്6 ഇസൂസു എംയു-എക്സ് എസ്യുവിയുടെ സവിശേഷതകൾ.
ആറ് എയർബാഗുകൾ, 7 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സോഫ്റ്റ് ലെതർ അപ്ഹോൾസ്റ്ററി, പുഷ്-ബട്ടൺ സ്റ്റാർട്ട്-സ്റ്റോപ്പ്, ആറ്-രീതിയിൽ ഇലക്ട്രിക്കായി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, പാർക്ക് അസിസ്റ്റ് റിയർ-വ്യൂ ക്യാമറ, ട്രാക്ഷൻ കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയാണ് ഇന്റീരിയറിലെ ഫീച്ചറുകൾ.






