
EQ നിരയിലെ ഒമ്പതാമത്തെ മോഡലായ EQT കണ്‍സെപ്റ്റ് ഇലക്ട്രിക് വാന്‍ അവതരിപ്പിച്ച് ജര്‍മ്മന്‍ ആഢംബര കാര്‍ നിര്‍മാതാക്കളായ മെര്‍സിഡീസ് ബെന്‍സ്. ഏഴ് സീറ്റര്‍ വാഹനമായിരിക്കും ഈ ഇലക്ട്രിക് എംപിവി എന്നാണ് റിപ്പോർട്ട്. 2021 അവസാനം വരാനിരിക്കുന്ന സിറ്റന്‍ വാണിജ്യ വാനിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ഈ മോഡലെന്നാണ് സൂചന. അടുത്ത വര്‍ഷം മെര്‍സിഡീസ് EQT കണ്‍സെപ്റ്റ് വിപണിയിലെത്തിയേക്കും.
ഭാവിയില്‍ ഈ സെഗ്മെന്റില്‍ പൂര്‍ണ്ണമായ ഒരു ഇലക്ട്രിക് മോഡലും കമ്പനി എത്തിക്കുമെന്നാണ് റിപ്പോർട്ട്. 4,945 മില്ലിമീറ്റര്‍ നീളവും 1,863 മില്ലിമീറ്റര്‍ വീതിയും 1,826 മില്ലിമീറ്റര്‍ ഉയരവുമാണ് മെര്‍സിഡീസ് EQT കണ്‍സെപ്റ്റിനുള്ളത്. 21 ഇഞ്ച് അലോയ് വീലുകള്‍, എല്‍ഇഡി ഹെഡ്ലൈറ്റുകളുള്ള ബ്ലാക്ക് പാനല്‍ ഫ്രണ്ട്, പനോരമിക് റൂഫ്, ഫ്രണ്ട്, റിയര്‍ ലൈറ്റ് ക്ലസ്റ്ററുകളെ ബന്ധിപ്പിക്കുന്ന ലൈറ്റ് സ്ട്രിപ്പ് എന്നിവയാണ് ഇലക്ട്രിക് എംപിവിക്ക്ഉള്ളത് . മൂന്നാം നിര സീറ്റുകളുടെ ഭാഗത്തു എംപിവിക്ക് ഇരുവശത്തും സ്ലൈഡിംഗ് ഡോറുകളും നൽകിയിരിക്കുന്നു. 44 കിലോവാട്ട്സ് ബാറ്ററി പായ്ക്ക് ഉള്ള 102 bhp ഇലക്ട്രിക് മോട്ടോര്‍ മെര്‍സിഡീസ് EQT കണ്‍സെപ്റ്റിന് ലഭിക്കും. റിപ്പോർട്ട് പ്രകാരം സിംഗിള്‍ ചാര്‍ജില്‍ 265 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ EQT-ക്ക് കഴിയും.






