എപ്രീലിയ എസ്എക്സ്ആർ 125 വിപണിയിൽ അവതരിപ്പിച്ച് പിയാജിയോ. എപ്രീലിയ എസ്എക്സ്ആർ 125-ന്റെ എക്സ്-ഷോറൂം വില 1.16 ലക്ഷം രൂപ ആണ് . 125 സിസി എൻജിൻ ആണ് എസ്എക്സ്ആർ 125-യുടെ പ്രധാന സവിശേഷത. എപ്രീലിയ എസ്ആർ 125-നെ ചലിപ്പിക്കുന്ന 125 സിസി 3-വാൽവ്, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എൻജിൻ തന്നെയാണ് എപ്രീലിയ എസ്എക്സ്ആർ 125 മാക്സി-സ്കൂട്ടറിലും. 9.5 എച്ച്പി പവറും 9.2 എൻഎം ടോർക്കും ഈ എൻജിൻ നിർമ്മിക്കും.
എപ്രീലിയ എസ്എക്സ്ആർ 160 അണിയിച്ചൊരുക്കിയിരിക്കുന്നത് ആർഎസ് 660 സ്പോർട്സ്ബൈക്കിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് എന്നാണ് കമ്പനിയുടെ വാദം. എസ്എക്സ്ആർ 125-യ്ക്കും ഇതേ ഡിസൈൻ ഭാഷ്യമാണ്. എസ്എക്സ്ആർ 125-ന്റെ പ്രധാന ആകർഷണങ്ങൾ മാക്സി സ്കൂട്ടറുകളിലെ സ്ഥിരം സാന്നിദ്ധ്യമായ വലിപ്പമേറിയ മുൻ എപ്രൺ, നീളവും വണ്ണവുമുള്ള സീറ്റ്, നീളം കൂടിയ വിൻഡ് സ്ക്രീൻ, എൽഇഡി ഹെഡ് ലാംപ് എന്നിവയാണ്. 5,000 രൂപ നൽകി എസ്എക്സ്ആർ 125 മാക്സി-സ്കൂട്ടർ ഇന്നുമുതൽ ഓൺലൈൻ ആയും ലോക്ക് ഡൗൺ തീരുന്ന മുറയ്ക്ക് ഡീലർഷിപ്പുകളിലും ബുക്ക് ചെയ്യാം.
ഗ്ലോസി റെഡ്, മാറ്റ് ബ്ലൂ, ഗ്ലോസി വൈറ്റ്, മാറ്റ് ബ്ലാക്ക് എന്നിങ്ങനെ നാല് നിറങ്ങളിൽ എപ്രീലിയ എസ്എക്സ്ആർ 125 വാങ്ങാം. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, യുഎസ്ബി ചാർജിങ് പോർട്ട്, ഓപ്ഷണലായി ബ്ലൂടൂത്ത് കണക്ടിവിറ്റി, കംബൈൻഡ് ബ്രേക്കിംഗ് സിസ്റ്റം എന്നിവയാണ് മറ്റുള്ള ഫീച്ചറുകൾ. 125 സിസി വാഹനമായതുകൊണ്ട് എബിഎസ് എസ്എക്സ്ആർ 125-ൽ ലഭിക്കില്ല.






