ബ്രിട്ടീഷ് ബൈക്ക് നിർമാണ കമ്പനി ആയ നോർട്ടനെ ഇന്ത്യൻ വാഹന നിർമാതാക്കളായ ടിവിഎസ് മോട്ടോർ കമ്പനി ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ എത്തുന്നതിനു മുന്നോടിയായി നോർട്ടൻ അറ്റ്ലസ്, നോർട്ടൻ കമാൻഡോ, നോർട്ടൻ മാൻക്സ്, നോർട്ടൻ ഫാസ്റ്റ്ബാക് തുടങ്ങിയ പേരുകൾ ടിവിഎസ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തു. ഈ ബൈക്കുകള്‍ എപ്പോള്‍ എത്തുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.
16 മില്യൺ ബ്രിട്ടീഷ് പൗണ്ട് (ഏകദേശം 153 കോടി രൂപ) ചിലവഴിച്ച് കഴിഞ്ഞ വർഷം ഏപ്രിലിലാണ് ടിവിഎസ് നോർട്ടനെ ഏറ്റെടുത്തത്. ഇരുചക്ര വാഹനലോകത്ത് അടുത്തിടെ നടന്ന ഏറ്റവും ഹോട്ട് ഡീലായിരുന്നു ഇത്. നോർട്ടൺ ബ്രാൻഡിനെ അതെ പടി നിർത്താനാണ് ടിവിഎസ്സിന്റെ പദ്ധതി എന്ന് ടിവിഎസ് മോട്ടോർ കമ്പനി ജോയിന്റ് മാനേജിംഗ് ഡയറക്ടർ സുദർശൻ വേണു കഴിഞ്ഞ വർഷം വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ നിരത്തുകള്‍ക്കായി നോര്‍ട്ടണ്‍ നാല് വാഹനങ്ങള്‍ക്ക് ട്രേഡ് മാര്‍ക്ക് സ്വന്തമാക്കിയതായും റിപ്പോർട്ടുണ്ട്.
1898-ൽ ബർമിംഗ്ഹാമിൽ ജെയിംസ് ലാൻസ്ഡൗൺ ആണ് നോർട്ടൺ സ്ഥാപിച്ചത്. പിന്നീട് ലോകത്തിലെ തന്നെ ഏറ്റവും പ്രസിദ്ധമായ ബൈക്കുകളുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ട്രൈംഫ്, ബിഎസ്എ, റോയല്‍ എന്‍ഫീല്‍ഡ് എന്നിവയ്ക്ക് പുറമെ, ഇന്ത്യന്‍ കമ്പനിയുടെ ഉടമസ്ഥതയിലേക്ക് വരുന്ന ഇരുചക്ര വാഹനനിര്‍മാതാക്കളാണ് നോര്‍ട്ടണ്‍.






