
ഡോ. റോബര്‍ട്ട് ഹെന്റ്ഷെലിനെ ദ നോര്‍ട്ടണ്‍ മോട്ടോര്‍സൈക്കിള്‍സ് കമ്പനി ലിമിറ്റഡിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും വിട്ടോറിയോ ഉര്സിയോലിയെ ചീഫ് ടെക്നിക്കല്‍ ഓഫീസറായും ടിവിഎസ് മോട്ടോര്‍ കമ്പനി നിയമിച്ചു. ഇടക്കാല ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ ജോണ്‍ റസ്സല്‍ സ്ഥാനമൊഴിയുന്നതോടെ ഇരുവരും ചുമതലയേല്‍ക്കുമെന്നാണ് സൂചന. നോര്‍ട്ടണ്‍ ബ്രാന്‍ഡ് പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമനങ്ങളെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി അറിയിച്ചു.
2017 മുതൽ വാല്മറ്റ് ഓട്ടോമോട്ടീവ് ഹോള്‍ഡിംഗ് കമ്പനിയുടെ മാനേജിംഗ് ഡയറക്റ്ററായിരുന്നു ഡോ. റോബര്‍ട്ട് ഹെന്റ്ഷെല്‍ നോര്‍ട്ടണ്‍. ഇതിനുമുമ്പ് റിക്കാര്‍ഡോ ഡച്ച്ലന്‍ഡ് ആന്‍ഡ് ഹെന്റ്ഷെല്‍ സിസ്റ്റത്തിന് നേതൃത്വം നല്കി. ലോട്ടസ് എന്‍ജിനീയറിംഗ് ഡയറക്റ്റര്‍ കൂടിയായിരുന്നു അദ്ദേഹം. ലോട്ടസ് കാര്‍സ് പവര്‍ട്രെയ്ന്‍ വിഭാഗം മേധാവി, ഉര്‍വി ലിമിറ്റഡ് ഡയറക്റ്റര്‍, ഫെറാറി, അപ്രീലിയ റേസിംഗ് എന്നിവയുടെ പ്രൊജക്റ്റ് ലീഡര്‍ എന്നീ നിലകളിലാണ് ആഗോള ഓട്ടോമോട്ടീവ് വ്യവസായത്തില്‍ വിട്ടോറിയോ ഉര്സിയോലി ഇതിനുമുമ്പ് പ്രവര്‍ത്തിച്ചത്.
16 മില്യൺ ബ്രിട്ടീഷ് പൗണ്ട് (ഏകദേശം 153 കോടി രൂപ) ചിലവഴിച്ച് കഴിഞ്ഞ വർഷം ഏപ്രിലിലാണ് ടിവിഎസ് നോർട്ടനെ ഏറ്റെടുത്തത്. ഇരുചക്ര വാഹനലോകത്ത് അടുത്തിടെ നടന്ന ഏറ്റവും ഹോട്ട് ഡീലായിരുന്നു ഇത്. നോർട്ടൺ ബ്രാൻഡിനെ അതെ പടി നിർത്താനാണ് ടിവിഎസ്സിന്റെ പദ്ധതി എന്ന് ടിവിഎസ് മോട്ടോർ കമ്പനി ജോയിന്റ് മാനേജിംഗ് ഡയറക്ടർ സുദർശൻ വേണു കഴിഞ്ഞ വർഷം വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ നിരത്തുകള്‍ക്കായി നോര്‍ട്ടണ്‍ നാല് വാഹനങ്ങള്‍ക്ക് ട്രേഡ് മാര്‍ക്ക് സ്വന്തമാക്കിയതായും റിപ്പോർട്ടുണ്ട്.






