
കൊച്ചി: മത്സ്യത്തൊഴിലാളികളുടെ സുരക്ഷ വിവരം കൈമാറ്റം ചെയ്യാനുള്ള ആധുനിക സംവിധാനങ്ങളുടെ പരിമിതിമൂലം ആശങ്കയിൽ. ആഴക്കടൽ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികൾക്ക് കാലാവസ്ഥ മുന്നറിയിപ്പുകൾ നൽകുന്നതും അപകടകരമായ കടലിലെ സാഹചര്യം തിരിച്ച് കരയിൽ അറിയിക്കുന്നതും ഇതുകാരണം സാധ്യമാകുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
600 നോട്ടിക്കൽ മൈൽ വരെ ദൂരത്തിൽ മത്സ്യബന്ധനത്തിന് പോകുന്ന ഇവർക്ക് ബന്ധപ്പെടാനുള്ള ഓട്ടോമാറ്റിക് ഇൻഫർമേഷൻ സിസ്റ്റം ഘടിപ്പിക്കണമെന്ന ആവശ്യം ഇനിയും യാഥാർഥ്യമായിട്ടില്ല. നിലവിലെ സംവിധാനങ്ങൾ പ്രകാരം തീരത്തുനിന്ന് ബോട്ട് പുറപ്പെട്ട് അര മണിക്കൂറിനുള്ളിൽ അവരുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടും. സാറ്റലൈറ്റ് ഫോണുകളുണ്ടെങ്കിലും മഴയുള്ള സമയത്ത് കണക്ഷൻ തടസ്സപ്പെടും.
ന്യൂനമർദവും ചുഴലിക്കാറ്റുമുണ്ടാകുമെന്ന മുന്നറിയിപ്പ് എത്തുന്നതിനുമുമ്പ് കടലിലേക്ക് പുറപ്പെട്ട നൂറോളം ബോട്ടുകളെക്കുറിച്ച വിവരം ഇനിയും കരയിൽ ലഭിക്കാത്തത് പ്രശ്നത്തിെൻറ ഗൗരവം വർധിപ്പിക്കുന്നു.
കേരളത്തിൽനിന്ന് പുറപ്പെടുന്ന ഏതാനും ബോട്ടുകളിൽ ഒരുവശ ത്തേക്ക് മാത്രം ബന്ധപ്പെടാവുന്ന എ.ഐ.എസ് ഘടിപ്പിച്ചിട്ടുണ്ട്.ഇരുവശത്തുനിന്നും ഫലപ്രദമായ വിവരകൈമാറ്റം സാധ്യമായാലേ സുരക്ഷ ഉറപ്പിക്കാനാകൂ.






