കഴിഞ്ഞ നൂറ് ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി നൂറ് ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചതായി പിയാജിയോ വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് പ്രഖ്യാപിച്ചു. ഇതില്‍ ഇരുചക്ര, മൂന്നുചക്ര വാഹനങ്ങളുടെ ഷോറൂമുകള്‍ ഉള്‍പ്പെടുന്നു. ഇലക്ട്രിക് മൂന്നുചക്ര വാഹനങ്ങള്‍ക്കായി പ്രത്യേക എക്സ്പീരിയന്‍സ് സെന്ററുകളും ആരംഭിച്ചിരുന്നു. ഇപ്പോൾ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി പിയാജിയോയുടെ ശൃംഖലയില്‍ 725 ലധികം വാഹന ഡീലര്‍ഷിപ്പുകളും 1100 ടച്ച്പോയന്റുകളുമുണ്ട്.
നിരവധി ഉല്‍പ്പന്നങ്ങളും എന്‍ജിനുകളും പിയാജിയോയ്ക്ക് ഉണ്ടെന്നും, അത് ഉപഭോക്തൃ ആവശ്യകതയും അനുയോജ്യതയും കണക്കിലെടുത്ത് ഇന്ത്യയില്‍ കൊണ്ടുവരുമെന്നും പിയാജിയോ വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് എംഡി ആന്‍ഡ് സിഇഒ ഡിയാഗോ ഗ്രാഫി പറഞ്ഞു. ഉപയോക്താക്കളുടെ സമീപം ഈ ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നതിനായി നൂറ് പുതിയ ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്രീലിയ എസ്എക്സ്ആര്‍ 160, എസ്എക്സ്ആര്‍ 125 സ്കൂട്ടറുകള് ഈ വർഷം അവതരിപ്പിച്ചിരുന്നു. ഈ വര്‍ഷമാദ്യം മൂന്നുചക്ര വാണിജ്യ വാഹന സെഗ്മെന്റില്‍ ഫിക്സ്ഡ് ബാറ്ററികളുമായി രണ്ട് പുതിയ ഇലക്ട്രിക് മൂന്നുചക്ര വാഹനങ്ങള്‍ അവതരിപ്പിച്ചു. ആപ്പെ ഇ സിറ്റി എഫ്എക്സ്, ആപ്പെ ഇ എക്സ്ട്രാ എഫ്എക്സ് എന്നീ മോഡലുകളാണ് പുറത്തിറക്കിയത്. ആപ്പെ ഇ എക്സ്ട്രാ എഫ്എക്സ് കാര്‍ഗോ സെഗ്മെന്റില്‍ പിയാജിയോയുടെ ആദ്യ ഇലക്ട്രിക് മൂന്നുചക്ര വാഹനമായിരുന്നു. 2021 ആദ്യ പാദത്തില്‍ ഇരുചക്ര വാഹന സെഗ്മെന്റില്‍ 90 ശതമാനത്തിലധികം വളര്‍ച്ചയാണ് പിയാജിയോ നേടിയത്.






