
ഗോകി വൈറ്റല്‍ 4 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 4,999 രൂപയാണ് ഫിറ്റ്നസ് ബാന്‍ഡിന്റെ വില. കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഫിറ്റ്നസ് ടെക്നോളജി കമ്പനിയാണ് ഗോകി. ആമസോണ്‍, ഗോകി ഓണ്‍ലൈന്‍ സ്റ്റോര്‍ എന്നിവിടങ്ങളില്‍ വില്‍പ്പന ആരംഭിച്ചെന്നാണ് റിപ്പോർട്ട്. ബ്ലാക്ക്, പര്‍പ്പിള്‍, റെഡ് എന്നീ മൂന്ന് സിലിക്കണ്‍ ബാന്‍ഡ് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും.
പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ ഏഴ് ദിവസം വരെ ബാറ്ററി നീണ്ടുനില്‍ക്കുമെന്നാണ് സൂചന. എല്ലാ ഫംഗ്ഷനുകളും എനേബിള്‍ ചെയ്താല്‍ മൂന്ന് മുതല്‍ നാല് ദിവസം വരെ ചാര്‍ജ് നീണ്ടുനില്‍ക്കും. മാത്രമല്ല, തുടര്‍ച്ചയായ ഹൃദയമിടിപ്പ് നിരീക്ഷണം, ശരീരോഷ്മാവ് നിരീക്ഷണം എന്നിവ സ്വിച്ച് ഓഫ് ചെയ്താല്‍ ഏഴ് മുതല്‍ എട്ട് ദിവസം വരെ ബാറ്ററി ചാര്‍ജ് ദീര്‍ഘിപ്പിക്കാമെന്നാണ് റിപ്പോർട്ട്. രക്തത്തിലെ ഓക്സിജന്‍ നില (എസ്പിഒ2) അഥവാ പള്‍സ് ഓക്സിമീറ്ററിന്റെ ജോലി, ശരീരോഷ്മാവ്, 24 മണിക്കൂര്‍ നേരം ഹൃദയമിടിപ്പ്, രക്തസമ്മര്‍ദം എന്നിവ നിരീക്ഷിക്കുന്നതാണ് ഗോകി വൈറ്റല്‍ 4 ഫിറ്റ്നസ് ബാന്‍ഡ്. ഇതോടൊപ്പം നിങ്ങളുടെ ചുവടുകള്‍, ആകെ സഞ്ചരിച്ച ദൂരം, എത്ര കലോറി കത്തിച്ചു, സജീവ സമയം തുടങ്ങി മറ്റ് ദൈനംദിന പ്രവര്‍ത്തനങ്ങളും ഇത് നിരീക്ഷിക്കും.
വര്‍ക്ക്ഔട്ട്, സൈക്ലിംഗ്, നടത്തം, ഓട്ടം, വോളിബോള്‍, ടെന്നീസ്, ടേബിള്‍ ടെന്നീസ്, നൃത്തം, ബാസ്കറ്റ്ബോള്‍, ക്രിക്കറ്റ്, യോഗ, വിശ്രാന്തി, സിറ്റ്അപ്പുകള്‍, എയ്റോബിക്സ്, സോക്കര്‍, മലകയറ്റം,കയര്‍ ചാട്ടം തുടങ്ങി പതിനേഴ് വ്യായാമ മോഡുകള്‍ സവിശേഷതയാണ്. 120, 120 പിക്സല്‍ റെസലൂഷന്‍ സഹിതം അമോലെഡ് കളര്‍ ഡിസ്പ്ലേയാണ് നല്‍കിയിരിക്കുന്നത്.






