രണ്ടു പതിറ്റാണ്ടിനുശേഷം വീണ്ടും മന്ത്രിപദത്തിലെത്തുകയാണ് കെ. രാധാകൃഷ്ണന് . ചേലക്കര മണ്ഡലത്തില്‍നിന്ന് അഞ്ചാം ജയം. വിദ്യാര്‍ഥി- യുവജന പ്രസ്ഥാനത്തിലൂടെ നേതൃപദവിയിലെത്തി 1996-ലെ കന്നിയങ്കത്തില്‍ വിജയിച്ചു. നായനാര്‍ മന്ത്രിസഭയില്‍ പട്ടികജാതി-പട്ടികവര്‍ഗ - യുവജനക്ഷേമ വകുപ്പ് മന്ത്രിയായി.
ഇടുക്കിജില്ലയിലെ പുള്ളിക്കാനത്ത് തോട്ടം തൊഴിലാളികളായ പരേതനായ എം.സി. കൊച്ചുണ്ണിയുടെയും ചിന്നമ്മയുടെയും മകനായി 1964 മാര്‍ച്ച് 24-നു ജനനം. തൃശൂര്‍ തോന്നൂര്‍ക്കര എ.യു.പി. സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. ചേലക്കര എസ്.എം.ടി.ജി.എച്ച്.എസ്, വടക്കാഞ്ചേരി ശ്രീ വ്യാസ എന്‍.എസ്.എസ്. കോളജ്, തൃശൂര്‍ ശ്രീ കേരള വര്‍മ്മ കോളജുകളില്‍ തുടര്‍വിദ്യാഭ്യാസം.
എസ്.എഫ്.ഐയിലും ഡിെവെ.എഫ്.ഐയിലും പല സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു. സി.പി.എം. തൃശൂര്‍ ജില്ലാ സെക്രട്ടറി, ദളിത് ശോഷണ്‍ മുക്തിമഞ്ച് ദേശീയ പ്രസിഡന്റ് എന്നീ നിലകളിലും ശാസ്ത്രസാഹിത്യ പരിഷത്ത്, ഗ്രന്ഥശാലാ സംഘം എന്നിവയിലും പ്രവര്‍ത്തിച്ചു. 2001ല്‍ പ്രതിപക്ഷ ചീഫ്വിപ്പ്. 2006ല്‍ നിയമസഭാ സ്പീക്കര്‍. നിലവില്‍ സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം. അവിവാഹിതനാണ്.




