
റിയൽമി ഈ വർഷം ഫെബ്രുവരിയിലാണ് പുത്തൻ സ്മാർട്ട്ഫോൺ ശ്രേണിയായ നാർസോ 30 അവതരിപ്പിച്ചത്. പുത്തൻ സ്മാർട്ട്ഫോൺ ശ്രേണിയിൽ നാർസോ 30 പ്രോ 5ജി, നാർസോ 30A എന്നിങ്ങനെ രണ്ട് ഫോണുകളാണ് ഇന്ത്യയിൽ വില്പനക്കെത്തിയത്. നാർസോ 30Aയുടെ വില 8,999 രൂപ മുതലും, നാർസോ 30 പ്രോ 5ജിയുടെ വില 16,999 രൂപ മുതലുമാണ് ആരംഭിക്കുന്നത്. ഇപ്പോൾ ഇതാ നാർസോ 30 എന്ന ഫോണും റിയൽമി അവതരിപ്പിച്ചു. നാർസോ 30Aയ്ക്കും നാർസോ 30 പ്രോ 5ജിയ്ക്കും ഇടയിലാണ് ഇതിന്റെ സ്ഥാനം.
റിയൽമി നാർസോ 30യുടെ അരങ്ങേറ്റം മലേഷ്യൻ വിപണിയിലാണ് നടന്നത്. റിയൽമി നാർസോ 30യ്ക്ക് 799 മലേഷ്യൻ റിങ്കിറ്റ് (ഏകദേശം 14,100 രൂപ) ആണ് വില. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഒരൊറ്റ പതിപ്പിലാണ് റിയൽമി നാർസോ 30 എത്തിയിരിക്കുന്നത്. അധികം താമസമില്ലാതെ ഇന്ത്യയിലും വില്പനക്കെത്തിയേക്കും. റേസിങ് ബ്ലൂ, റേസിങ് സിൽവർ എന്നെ നിറങ്ങളിൽ റിയൽമി നാർസോ 30 സ്വന്തമാക്കാം.
ആൻഡ്രോയിഡ് 11 അടിസ്ഥാനമായ റിയൽമി യുഐ 2.0 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഡ്യുവൽ സിം (നാനോ) ഫോണായ നാർസോ 30 പ്രവർത്തിക്കുന്നത്. 6 ജിബി എൽപിഡിഡിആർ 4 എക്സ് റാമിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന മീഡിയടെക് ഹീലിയോ G95 SoC പ്രോസസ്സർ ആണ് നാർസോ 30യ്ക്ക്. 6.5 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്സൽ) ഡിസ്പ്ലേയ്ക്ക് 20:9 ആസ്പെക്ട് റേഷ്യോയും, 90.5 ശതമാനം സ്ക്രീൻ-ടു-ബോഡി അനുപാതവുമുണ്ട്. 405 പിപി പിക്സൽ ഡെൻസിറ്റി, 580 നിറ്റ് പീക്ക് ബ്രൈറ്റ്നെസ്സ് എന്നിവയും ഈ ഡിസ്പ്ലേയ്ക്കുണ്ട്.
എഫ് / 1.8 ലെൻസുള്ള 48 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ മോണോക്രോം സെൻസർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമാണ് റിയൽമി നർസോ 30യ്ക്ക്. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി, നർസോ 30ന് മുൻവശത്ത് 16 മെഗാപിക്സൽ സോണി ഐഎംഎക്സ് 471 സെൽഫി ക്യാമറയാണ്. 5,000mAh ബാറ്ററിയാണ് റിയൽമി നാർസോ 30യിൽ. 32 ദിവസം വരെ സ്റ്റാൻഡ് ബൈ ടൈം ലഭിക്കും. 30W ഡാർട്ട് ചാർജ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള ഫോണിന്റെ ബാറ്ററി 65 മിനിറ്റിനുള്ളിൽ 100 ശതമാനം ചാർജ് ചെയ്യാം.






