
ജർമൻ കാർ നിർമാതാക്കളായ ഫോക്സ്വാഗൺ ഇന്ത്യയുടെ മിഡ് സൈസ് എസ്യുവി സെഗ്മെന്റിലേക്ക് ചുവടുവെയ്ക്കുന്നു. ഇതിനായി ടൈഗൂൺ ആണ് ഫോക്സ്വാഗൺ ഇന്ത്യയിൽ എത്തിക്കാൻ പോകുന്നത്. മാർച്ചിലാണ് ടൈഗൂണിനെ അവതരിപ്പിച്ചത്. ഉടൻ തന്നെ വില്പനക്കെത്തും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത് എങ്കിലും കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം പ്രശ്നമായി.
പുതിയ റിപോർട്ടുകൾ അനുസരിച്ച് ജൂണിലാവും ഫോക്സ്വാഗൺ ടൈഗൂൺ അവതരിപ്പിക്കുക. ടൈഗൂണിൻ്റെ ബുക്കിങ് ആരംഭിച്ചു. എന്നാൽ, ഫോക്സ്വാഗൺ കമ്പനി ഔദ്യോഗിമായി ടൈഗൂണിന്റെ ബുക്കിങ് ആരംഭിച്ചിട്ടില്ല. ഡീലർഷിപ്പുകൾ വഴിയുള്ള അനൗദ്യോഗിമായ ബുക്കിങ് ആണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. സിഗ്-വീൽസ് റിപ്പോർട്ട് പ്രകാരം 10,000 രൂപ നൽകി പല ഫോക്സ്വാഗൺ ഡീലർഷിപ്പുകളും ബുക്കിങ് തുടങ്ങിയിരിക്കുന്നു.
1.0 ലിറ്റർ, 3 സിലിണ്ടർ ടർബോ-പെട്രോൾ ആണ് ടൈഗൂണിലെ ഒരു എൻജിൻ. 113 ബിഎച്ച്പി പവർ നിർമ്മിക്കുന്ന ഈ എൻജിനൊപ്പം 6-സ്പീഡ് മാന്വൽ, ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നി ഗിയർബോക്സ് ഉണ്ട്. എന്നാൽ, 147 ബിഎച്ച്പി പവർ നിർമിക്കുന്ന, 1.5-ലിറ്റർ ടർബോ-പെട്രോൾ നാല് സിലിണ്ടർ എൻജിൻ 6-സ്പീഡ് മാന്വൽ, 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്സുകളിൽ ലഭിക്കും. ജിടി ബ്രാൻഡിങ്ങിലാവും 7-സ്പീഡ് ഡിസിടി ഗിയർബോക്സ് ഉള്ള പതിപ്പ് വില്പനക്കെത്തുക എന്നാണ് സൂചന. ആറ് എയർബാഗുകൾ, ഇ.എസ്.സി, ഹിൽ-ഹോൾഡ് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും ടൈഗൂണിലുണ്ടാകും.
സെവൻ സ്പീക്കർ മ്യൂസിക് സിസ്റ്റം, ക്രൂയിസ് കൺട്രോൾ, ആംബിയന്റ് ലൈറ്റിംഗ്, ടു-സ്പോക്ക് സ്റ്റിയറിംഗ് വീൽ, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎമ്മുകൾ, സ്റ്റിയറിംഗ്-മൗണ്ടഡ് നിയന്ത്രണങ്ങൾ, വയർലെസ് ചാർജർ എന്നിവ ഫോക്സ്വാഗൺ ടൈഗൂണിൽ ലഭിച്ചേക്കും. 10-ഇഞ്ച് ടച്സ്ക്രീൻ ഇന്ഫോടെയ്ന്മെന്റ് സിസ്റ്റം മധ്യ ഭാഗത്തായി ക്രമീകരിച്ചിരിക്കുന്ന വിധമാണ് ഡാഷ്ബോർഡ് ഒരുക്കിയിരിക്കുന്നത്. ഈ ഇൻഫോടെയ്ൻമെൻറ് സിസ്റ്റത്തിൽ ആപ്പിൾ കാർപ്ലേയ്, ആൻഡ്രോയിഡ് ഓട്ടോ, മൈ ഫോക്സ്വാഗൺ കണക്ട് ആപ്പ് സൗകര്യങ്ങൾ ലഭിക്കും. ഇന്റീരിയറിലെ മറ്റൊരു ആകർഷണം ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ആണ്.






