
തിരുവനന്തപുരം: പാർട്ടി സ്ഥാപകനും ഭർത്താവുമായ ടി.പി. ചന്ദ്രശേഖരന്റെ ചിത്രം പതിച്ച ബാഡ്ജുമായി വടകരയിൽ നിന്നും നിയമസഭയിലെത്തിയ ആർ.എം.പി അംഗം കെ.കെ. രമ സത്യപ്രതിജ്ഞ ചെയ്തു. സാരിയിൽ ടി.പിയുടെ ചിത്രം പതിച്ച ബാഡ്ജ് ധരിച്ചാണ് രമ സഭയിലെത്തിയത്.
പ്രോ ടെം സ്പീക്കർ അഡ്വ. പി.ടി.എ. റഹീം മുമ്പാകെ സഗൗരവ പ്രതിജ്ഞയാണ് കെ.കെ. രമ എടുത്തത്.
നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാനാണ് ആർ.എം.പിയുടെ തീരുമാനം. ജനങ്ങളുടെ ശബ്ദമായി നിയമസഭയിൽ പ്രവർത്തിക്കുമെന്ന് കെ.കെ. രമ രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
വലിയ ഉത്തരവാദിത്തമാണ് ഏറ്റെടുത്തിരിക്കുന്നത്. ദൗത്യം നീതിപൂർവം നിർവഹിക്കും. അംഗസംഖ്യയിലല്ല നിലപാടിലാണ് കാര്യമെന്നും രമ വ്യക്തമാക്കി.






