ബോളിവുഡ് സൂപ്പർ താരവും നടി ദീപിക പദുക്കോണിന്റെ ഭർത്താവുമായ രൺവീർ സിങ് പുതിയ ലംബോർഗിനിയുടെ എസ്യുവി ഉറുസ് സ്വന്തമാക്കി. എന്നാൽ, ഇതാദ്യമായല്ല രൺവീർ സിങ് ലാംബോർഗിനി ഉറുസ് എസ്യുവി വാങ്ങുന്നത്.2019ൽ തന്നെ 3 കോടിയോളം എക്സ് ഷോറൂം വില വരുന്ന ലംബോർഗിനി ഉറുസ് അദ്ദേഹം വാങ്ങിയിരുന്നു. ചുവപ്പ് നിറത്തിലുള്ള ഉറുസാണ് അദ്ദേഹം മുമ്പ് സ്വന്തമാക്കിയത്.
എന്നാൽ, ഇത്തവണ ഉറുസുകളിലെ സ്പെഷ്യൽ താരമായ പേൾ ക്യാപ്സ്യൂൾ എഡിഷൻ ആണ് രൺവീർ സിങ് വാങ്ങിയതെന്നാണ് റിപ്പോർട്ട്. ഉറുസ് പേൾ ക്യാപ്സ്യൂൾ എഡിഷൻ ഈ വർഷം മാർച്ചിലാണ് ഇന്ത്യയിലെത്തിയത്. പേൾ ക്യാപ്സ്യൂൾ എഡിഷന്റെ ആറൻസിയോ ബോറീലീസ് (ഓറഞ്ച്) നിറത്തിലുള്ള പതിപ്പാണ് രൺവീർ സിങ് സ്വന്തമാക്കിയത്.
4.0 ലിറ്റർ വി8 ട്വിൻ-ടർബോ പെട്രോൾ എൻജിൻ ആണ് ഉറുസ് പേൾ ക്യാപ്സ്യൂൾ എഡിഷനിലുമുണ്ട്. 6000 ആർപിഎമ്മിൽ 650 ബിഎച്ച്പി കരുത്തും 2250 ആർപിഎമ്മിൽ 850 എൻഎം ടോർക്കും ഈ എൻജിൻ നിർമിക്കുന്നു. ZF 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ഇരട്ട നിറങ്ങളിലുള്ള ആൽക്കൻ്റാര സീറ്റ് അപ്ഹോൾസ്റ്ററി ആണ് ഇന്റീരിയറിലെ പ്രധാന ആകർഷണം. ഉറുസ് പേൾ ക്യാപ്സ്യൂൾ എഡിഷനിൽ ധാരളം കറുപ്പ് നിറത്തിലുള്ള ഡീറ്റൈലിങ്ങുകളുണ്ട്. ഗ്ലോസി ബ്ലാക്ക് നിറത്തിലാണ് ബമ്പർ, റിയർ വ്യൂ മിറർ ക്യാപുകൾ, ബോഡി സ്കർട്ടുകൾ, വീൽ ക്ലാഡിങ്, റൂഫ് എന്നിവ ഒരുങ്ങുന്നത്.






