
ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 220 കിലോമീറ്റര്‍ റേഞ്ച് ഉറപ്പാക്കുന്ന ബാറ്ററി നിർമിച്ച് ഇന്ത്യയില്‍ ഇലക്ട്രിക് ടൂ വീലര്‍ നിര്‍മാതാക്കളായ കൊമാകി. കൊമാകി പുറത്തിറക്കുന്ന XGT-KM, X-One, XGT-X4 എന്നീ മൂന്ന് ഇലക്ട്രിക് സ്കൂട്ടറുകളില്‍ ഈ ബാറ്ററി നല്‍കുമെന്നാണ് റിപ്പോർട്ട്. വിലയുള്ള ഈ സ്കൂട്ടറുകള് ജൂണ്‍ ഒന്ന് മുതല്‍ വിപണിയില്‍ എത്തുമെന്നും നിര്‍മാതാക്കള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. 85.000 രൂപ മുതല്‍ ആയിരിക്കും എക്സ്ഷോറും വില.
ഈ ബാറ്ററി സ്കൂട്ടറുകളില്‍ നല്‍കുന്നതോടെ ഏറ്റവുമധികം റേഞ്ച് ഉറപ്പ് നല്കുന്ന ഇലക്ട്രിക് സ്കൂട്ടറുകളില്‍ ഒന്നായി കൊമാകിയുടെ മോഡലുകള്‍ മാറും. ബാറ്ററിയുടെ നിര്‍മാണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൂര്‍ത്തിയായെങ്കിലും കമ്പനി ഇപ്പോൾ പുതിയ ബാറ്ററി സാങ്കേതികവിദ്യക്കുള്ള പേറ്റന്റ് ലഭിക്കാനുള്ള കാത്തിരിപ്പിലാണെന്നാണ് റിപ്പോർട്ട്.
4-5 മണിക്കൂറില്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന ബാറ്ററിയാണ് ഇത്. 170 മുതല്‍ 220 കിലോമീറ്റര്‍ വരെ റേഞ്ച് ഇത് ഉറപ്പാക്കിയിട്ടുണ്ട്. ഇലക്ട്രിക് സ്കൂട്ടറുകളിലെ റീജനറേറ്റീവ് ബ്രേക്കിങ്ങ് ടെക്നോളജി കുറഞ്ഞ അളവില്‍ റേഞ്ച് വര്‍ധിപ്പിക്കുമെന്നും കൊമാകി അവകാശപ്പെടുന്നു. ഇ-സ്കൂട്ടറുകളെ ലോങ്ങ് റേഞ്ച് ബാറ്ററി കൂടുതല്‍ ജനകീയമാക്കുമെന്നാണ് കൊമാകി പറയുന്നത്. ഈ കൂടുതല്‍ റേഞ്ച് നല്കാന് സാധിക്കുന്ന ഈ ബാറ്ററി ടെക്നോളജി മലിനീകരണ മുക്തമായ ഇന്ത്യ എന്ന ആശയം യാഥാര്‍ഥ്യമാക്കുന്നതിനായി കൊമാകി നടത്തുന്ന പരിശ്രമങ്ങളുടെ ഫലമാണ്.






