
സ്ത്രീകള്‍ക്കെല്ലാം അഭിമാനകരമായ ചരിത്ര നേട്ടമായിരുന്നു എയര്‍ ഇന്ത്യ ക്യാപ്റ്റനായ സോയ അഗര്‍വാള്‍ സാധ്യമാക്കിയത്. വനിതാ ജീവനക്കാര്‍ മാത്രം നിയന്ത്രിച്ച ഒരു വിമാനം ലോകത്തിലെ ഏറ്റവും നീളമേറിയ ആകാശ പാത താണ്ടി ഇന്ത്യയിലെത്തി ചരിത്രം കുറിച്ചത് ഈ ജനുവരിയിലായിരുന്നു. ഏറ്റവും ദൈര്‍ഘ്യമേറിയ ആ വിമാന യാത്രയുടെ ക്യാപ്റ്റനായിരുന്നു സോയ അഗര്‍വാള്‍.
2021 ജനുവരി 9-ന് സാന്‍ ഫ്രാന്‍സിസ്കോയില്‍ നിന്ന് ബംഗളൂരുവിലേക്കായിരുന്നു ആ യാത്ര. ഒരു ധ്രുവത്തില്‍ നിന്ന് മറ്റൊരു ധ്രുവത്തിലേക്ക് വിമാനം പറത്തിയ ലോകത്തിലെ ആദ്യ വനിതാ പൈലറ്റെന്ന നേട്ടവും സോയക്കാണ്. പൈലറ്റ് ആവാന്‍ നേരിടേണ്ടി വന്ന കഷ്ടപ്പാടുകളെക്കുറിച്ചും ആ ചരിത്രയാത്രയെ കുറിച്ചുമൊക്കെ ഹ്യൂമന്‍സ് ഓഫ് ബോംബെയോട് പങ്കുവെയ്ക്കുകയാണ് സോയ.
'' എട്ടാം വയസിലാണ് പൈലറ്റ് ആവണമെന്ന ആഗ്രഹം ഉടലെടുത്തത്. അക്കാലത്ത് വീടിന്റെ ടെറസിലേക്ക് പോയി വിമാനങ്ങള്‍ പറക്കുന്നത് നോക്കി നില്‍ക്കുകയും എന്നെങ്കിലും ഈ വിമാനങ്ങളിലൊന്ന് പറത്താന്‍ സാധിച്ചാല്‍ ആകാശം തൊടാന്‍ കഴിയുമെന്ന് കരുതുകയും ചെയ്തിരുന്നു. എന്നാല്‍, എന്റെ മധ്യവര്‍ഗ കുടുംബ പശ്ചാത്തലം ഈ ആഗ്രഹങ്ങള്‍ക്ക് പരിമിതിയായി നിന്നിരുന്നു. അതുകൊണ്ടു തന്നെ ഈ ആഗ്രഹത്തെ കുറിച്ച് മാതാപിതാക്കളോട് തുറന്നു പറയാന്‍ മടിച്ചിരുന്നു. എന്നാല്‍, ആഗ്രഹം കലശലായതിനെ തുടര്‍ന്ന് പത്താം ക്ലാസ് പൂര്‍ത്തിയായതിനു ശേഷം ഇതേക്കുറിച്ച് മാതാപിതാക്കളോട് സംസാരിച്ചു. അവരുടെ പ്രതികരണം അനുകൂലമായിരുന്നെങ്കിലും പൈലറ്റ് പരിശീലനത്തിന് എത്ര ചെലവ് വരുമെന്ന ആശങ്ക അവരെ അലട്ടിയിരുന്നു.
പതിനൊന്നും പന്ത്രണ്ടും ക്ലാസുകളില്‍ സയന്‍സ് വിഷയങ്ങള്‍ തിരഞ്ഞെടുത്ത് പഠിച്ചു. പന്ത്രണ്ടാം ക്ലാസിലെ പൊതുപരീക്ഷയില്‍ മികച്ച വിജയം നേടിയതിന് ശേഷം ഭൗതികശാസ്ത്രത്തില്‍ ബിരുദപഠനം നടത്തി. അതോടൊപ്പം ഒരു ഏവിയേഷന്‍ കോഴ്സ് പഠിക്കാന്‍ അപേക്ഷിക്കുകയും ചെയ്തു. ആ കോഴ്സിന് ഫീസടയ്ക്കാന്‍ ഇത്രയും കാലം കരുതി വെച്ചിരുന്ന സമ്പാദ്യം മുഴുവന്‍ ഉപയോഗിച്ചു. കോളേജിലെ ക്ലാസ് കഴിഞ്ഞാല്‍ ആ നഗരത്തിന്റെ മറ്റൊരറ്റത്തുള്ള സ്ഥാപനത്തിലേക്ക് ഓടിയെത്തി അവര്‍ ഏവിയേഷന്‍ കോഴ്സില്‍ പങ്കെടുത്തു. ഉയര്‍ന്ന മാര്‍ക്കോടു കൂടി ബിരുദം കരസ്ഥമാക്കി.
തുടര്‍ന്ന് തന്റെ സ്വപ്നം പിന്തുടരാന് അനുമതി ചോദിച്ചു കൊണ്ട് അച്ഛന്റെയടുത്തെത്തി. ആശങ്കകള്‍ ഉണ്ടായിരുന്നെങ്കിലും ലോണെടുത്ത് പഠിപ്പിക്കാന്‍ പിതാവ് തീരുമാനിച്ചു. എയര്‍ ഇന്ത്യയില്‍ ജോലി ലഭിക്കുന്നതിന് മുമ്പ് ഏതാണ്ട് രണ്ട് വര്‍ഷക്കാലം ജോലിയ്ക്കായി കാത്തിരിക്കേണ്ടി വന്നു. ഒടുവില്‍ എയര്‍ ഇന്ത്യയില്‍ 7 ഒഴിവുകളിലേക്കായി 3000 അപേക്ഷകരോടൊപ്പം മത്സരിച്ചു. ജോലിയ്ക്ക് വേണ്ടിയുള്ള പരീക്ഷയുടെ 4 ദിവസം മുമ്പ് അച്ഛന് ഹൃദയാഘാതം ഉണ്ടായി. എന്നാല്‍, അച്ഛന്റെ നിര്‍ബന്ധ പ്രകാരം മുംബൈയില്‍ പോയി പരീക്ഷ എഴുതി. എല്ലാ ഘട്ടങ്ങളും താണ്ടി ഒടുവില്‍ ആ ജോലി നേടി.'' - സോയ പറയുന്നു.






