
പിയാജിയോ വണ്‍ ഇലക്ട്രിക് സ്കൂട്ടര്‍ ചൈനയില്‍ അനാവരണം ചെയ്തു. യുവജനങ്ങളെ ലക്ഷ്യമാക്കിയാണ് പിയാജിയോ വണ്‍ പുറത്തിറക്കുന്നത്. റിപ്പോർട്ട് പ്രകാരം ബെയ്ജിംഗ് മോട്ടോര്‍ ഷോയില്‍ ഔദ്യോഗിക അരങ്ങേറ്റം നടത്തുന്നതിന് മുമ്പ് സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമായ ടിക്ടോക്കിലാണ് ഇലക്ട്രിക് സ്കൂട്ടര്‍ അനാവരണം ചെയ്തത്. ഇറ്റാലിയന്‍ ബ്രാന്‍ഡില്‍നിന്നുള്ള ആഗോള ഇ മൊബിലിറ്റി ഉല്‍പ്പന്നമെന്നാണ് പിയാജിയോ വണ്‍ വിശേഷിപ്പിക്കപ്പെടുന്നത്.
പിയാജിയോ വണിന് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനല്‍ നൽകിയിട്ടുണ്ട്. കൂടാതെ, സെന്‍സര്‍ നല്കിയതിനാല് സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഡിസ്പ്ലേ ഓട്ടോമാറ്റിക്കായി ബ്രൈറ്റ്, ഡിം ചെയ്യും. കീലെസ് സ്റ്റാര്‍ട്ട് സംവിധാനം ലഭിച്ചേക്കും. ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ സഹിതം എല്‍ഇഡി ലൈറ്റിംഗ്, എല്‍ഇഡി ടെയ്ല്‍ലൈറ്റ്, എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവ ലഭിച്ചു. വേണ്ടത്ര സ്റ്റോറേജ് ശേഷി ഉണ്ടാകും.
വിവിധ റേഞ്ച്, ടോപ് സ്പീഡ് ലഭിക്കുംവിധം വ്യത്യസ്ത ബാറ്ററി ശേഷികളിലും പിയാജിയോ വണ്‍ വിപണിയിലെത്തുമെന്നാണ് സൂചന. വെസ്പ ഇലട്രിക്ക മോഡലിന് താഴെയായിരിക്കും പുതിയ ഇലക്ട്രിക് സ്കൂട്ടറിന് സ്ഥാനമെന്ന് പ്രതീക്ഷിക്കുന്നു. സ്മാര്‍ട്ട് സ്കൂട്ടര്‍ എന്ന വിശേഷണത്തോടെയാണ് പിയാജിയോ വണ്‍ വരുന്നത്. പിയാജിയോ വണ്‍ ഇലക്ട്രിക് സ്കൂട്ടറിന്റെ കൂടുതൽ സാങ്കേതിക സ്പെസിഫിക്കേഷനുകള്‍ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.






