
വാഹനങ്ങൾ സൗജന്യ സര്‍വീസ് ചെയ്യുന്നതിനും വാറണ്ടി കാലാവധിക്കും കൂടുതല്‍ സമയം അനുവദിച്ചിരിക്കുകയാണ് രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ നിസാന്‍. കോവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യത്തുടനീളം നിയന്ത്രണങ്ങള്‍ ശക്തമാക്കിയ സാഹചര്യത്തില്‍ രണ്ട് മാസം കൂടുതല്‍ സമയം ആണ് കമ്പനി അനുവദിച്ചിരിക്കുന്നത്.
കിക്സ്, മാഗ്നൈറ്റ് എന്നീ മോഡലുകളാണ് നിസാന്‍ ഇന്ത്യയില്‍ എത്തിക്കുന്ന വാഹനങ്ങള്‍. ലോക്ഡൗണ്‍ സമയത്തു ഉപയോക്താക്കൾക്ക് നഷ്ടപ്പെടുന്ന സൗജന്യ സര്‍വീസുകളും കാലാവധി അവസാനിക്കുന്ന വാറണ്ടിയും രണ്ട് മാസത്തേക്ക് നീട്ടി നല്‍കാനാണ് നിസാന്‍ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം ഇത് വീണ്ടും നീട്ടി നല്കുന്ന കാര്യവും പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇന്ത്യയിലെ മറ്റ് വാഹന നിര്‍മാതാക്കളും വാഹനങ്ങളുടെ സര്‍വീസിനും വാറണ്ടിക്കും സമയം നീട്ടി നല്‍കിയിരുന്നു.
ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിസാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് നിസാന്‍ ഇന്ത്യ ട്വിറ്ററില്‍ കുറിച്ചു. എല്ലാവരും വീട്ടിലിരിക്കുക എന്ന നാടിന്റെ സുരക്ഷയ്ക്ക് തന്നെ അനിവാര്യമാണ്. കോവിഡ് കാലം മാറുന്നതോടെ കമ്പനി വീണ്ടും ഉപയോക്താക്കളിലേക്ക് എത്തുമെന്ന് ഉറപ്പുനല്കുന്നവെന്നും ട്വിറ്ററിലൂടെ വ്യക്തമാക്കി. സര്‍വീസിന് സമയം നീട്ടി നല്കിയതും ഇതിലൂടെയാണ് പ്രഖ്യാപിച്ചത്.






