സ്കോഡ ഒക്ടാവിയയുടെ നാലാം തലമുറ മോഡല്‍ ഇന്ത്യൻ വിപണിയിൽ എത്തുന്നു. ജൂണ്‍ പത്തിന് ഈ വാഹനം ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വരവ് അല്‍പ്പം നീണ്ടുപോയിരുന്നു. മോഡലിന്റെ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇന്ത്യയിലെ സ്കോഡയുടെ അംഗീകൃത ഡീലര്‍ഷിപ്പുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലും ബുക്കിങ്ങുകള്‍ സ്വീകരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രീമിയം സെഡാന് ശ്രേണിയില്‍ എത്തുന്ന ഒക്ടാവിയയുടെ നാലാം തലമുറ മോഡലിന് ഏകദേശം 27.50 ലക്ഷം രൂപ മുതല്‍ 32 ലക്ഷം രൂപ വരെയായിരിക്കും ഇന്ത്യയിലെ എക്സ്ഷോറും വിലയെന്നാണ് റിപ്പോര്‍ട്ട്. നാലാം തലമുറ ഒക്ടാവിയയ്ക്ക് അടിസ്ഥാനമൊരുക്കുന്നത് സ്കോഡയുടെ MQB EVO പ്ലാറ്റ്ഫോമാണ്. ഉയര്‍ന്ന വീല്‍ബേസാണ് ഈ പ്ലാറ്റ്ഫോമിന്റെ പ്രധാന പ്രത്യേകത. ഗ്രില്ലിന് ചുറ്റിലുമുള്ള ക്രോമിയം ബോര്‍ഡര്‍, എല്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള വീതി കുറഞ്ഞ ഹെഡ്ലൈറ്റ്, ഫോഗ്ലാമ്പ് എന്നിവ പുതുമയാണ്.
10 ഇഞ്ച് വലിപ്പമുളള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് വലിപ്പമുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ടൂ സ്പോക്ക് സ്റ്റിയറിങ്ങ് വീല്‍ എന്നിവ ഇന്റീരിയറിൽ ഒരുങ്ങുന്നു. പുതിയ ഡിസൈനിലുള്ള അലോയി വീലുകളാണ് വശങ്ങളെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത്. ഒക്ടാവിയയുടെ നാലാം തലമുറ മോഡല്‍ രണ്ട് ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനുകളിലാണ് എത്തുന്നത്. 1.5 ലിറ്റര്‍, 2.0 ലിറ്റര്‍ ടി.എസ്.ഐ. എന്‍ജിനുകളായിരിക്കും ലഭിക്കുക.






