അമേരിക്കൻ എസ്യുവി ബ്രാൻഡ് ജീപ്പ് 2016-ലാണ് ഇന്ത്യയിലെത്തിയത്. ഇന്ത്യയിൽ റാൻഗ്ലർ, കോമ്പസ് എന്നീ മോഡലുകളാണ് ജീപ്പ് വിൽക്കുന്നത്. പുതിയ റിപ്പോർട്ട് പ്രകാരം ജീപ്പ് കോമ്പസ്സിന് മുകളിലായും റാൻഗ്ലർ മോഡലിനും താഴെയുമായി ഒരു പുത്തൻ എസ്യുവി ജീപ്പ് ഒരുക്കുന്നുണ്ട്. കോമ്പസ്സിന്റെ പ്ലാറ്റ്ഫോം ആയ സ്മാൾ വൈഡ് 4x4 ഉപയോഗിച്ച് തയ്യാറക്കുന്ന 7 സീറ്റർ എസ്യുവി ആണ് എത്തുന്നത്. എന്നാൽ, കമാൻഡർ എന്നാകും ഇതിന് പേര് ലഭിക്കുക എന്ന് കമ്പനി പുറത്ത് വിട്ട ടീസർ വ്യക്തമാക്കുന്നു.
ജീപ്പ് കമാൻഡറിന്റെ അരങ്ങേറ്റം ബ്രസീലിയൻ വിപണിയിൽ ആയിരിക്കും നടക്കുക. പുണെക്കെടുത്ത രഞ്ജൻഗാവ് പ്ലാന്റിലാണ് ഇന്ത്യ ഉൾപ്പടെയുള്ള റൈറ്റ് ഹാൻഡ് ഡ്രൈവ് വിപണികളിലേക്കുള്ള കമാൻഡറിന്റെ നിർമ്മാണം നടക്കുക. അടുത്ത കാലം വരെ മഹീന്ദ്രയുടെ എംഎം 540 ജീപ്പിന്റെ പേരായിരുന്നു കമാൻഡർ. അതുകൊണ്ടു തന്നെ ഇന്ത്യയിൽ ജീപ്പിന് ഈ എസ്യുവിക്ക് കമാൻഡർ എന്ന പേര് ഉപയോഗിക്കാൻ സാധിക്കുമോ എന്ന് വ്യക്തമല്ല.
ചൈനീസ് വിപണിയിൽ ജീപ്പ് വിൽക്കുന്ന 7-സീറ്റർ എസ്യുവി മോഡൽ ആയ ഗ്രാൻഡ് കമാൻ്ററിന് സമാനമായിരിക്കും ഈ പുത്തൻ എസ്യുവി എന്ന് മുമ്പ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, ഈ വർഷമാദ്യം വില്പനക്കെത്തിയ 2021 കോമ്പസ് മോഡലിനോട് സമാനമായിരിക്കും കമാൻഡർ എന്നാണ് പുതിയ വിവരം. എംജി ഹെക്ടറിന്റെ വല്യേട്ടൻ ഹെക്ടർ പ്ലസ്, ടാറ്റ സഫാരി, ഹ്യുണ്ടായ് ഉടൻ വില്പനക്കെത്തിക്കുന്ന ആൽകസർ എന്നീ മോഡലുകളായിരിക്കും ജീപ്പ് കമാൻഡറിന്റെ എതിരാളികൾ. പുതിയ ഗ്രിൽ, ഹെഡ്ലാംപ്, ടെയിൽ ലാംപ്, മുൻ പിൻ ബമ്പറുകൾ എന്നിങ്ങനെ പുത്തൻ കോമ്പസ്സിലെ മാറ്റങ്ങൾ കമാൻഡറിലും ലഭിച്ചേക്കും. കമാൻഡറിന്റെ ഇന്റീരിയറിൽ 3 നിര സീറ്റുകൾ, പരിഷ്കരിച്ച അപ്ഹോൾസ്റ്ററി, പുത്തൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പാനരോമിക് സൺറൂഫ് എന്നിവ ഉൾപ്പെടും.






