ഇന്ത്യയില്‍ പുതു തലമുറ മഹീന്ദ്ര ഥാര്‍ എസ്യുവിയുടെ 5 ഡോര്‍ വേര്‍ഷന്‍ അവതരിപ്പിക്കുമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര സ്ഥിരീകരിച്ചു. എക്സ്റ്റെന്‍ഡഡ് വേര്‍ഷന്‍ നിര്‍മിക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും ഇതുവരെ കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. 2026 ഓടെ ഒമ്പത് പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നും അതിലൊന്ന് 5 ഡോര്‍ ഥാര്‍ ആയിരിക്കുമെന്നും മഹീന്ദ്ര പ്രഖ്യാപിച്ചു.
പുതിയ മഹീന്ദ്ര ഥാര്‍ 5-ഡോര്‍ മോഡല്‍ 2023 നും 2026 നും ഇടയില്‍ എപ്പോഴെങ്കിലും എത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചു. കൃത്യമായ ടൈംലൈന്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. റിപ്പോർട്ട് പ്രകാരം ഇതേ കാലയളവില്‍ പുതു തലമുറ മഹീന്ദ്ര ബൊലേറോ, ബോണ്‍ ഇവി പ്ലാറ്റ്ഫോം അടിസ്ഥാനമാക്കി രണ്ട് ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍, പുതു തലമുറ എക്സ്യുവി 300, ഡബ്ല്യു620, വി201 എന്നീ കോഡ്നാമങ്ങള്‍ നല്കിയ രണ്ട് മോഡലുകള്‍ എന്നിവയും വിപണിയിലെത്തിക്കും.
രണ്ടാം തലമുറ മഹീന്ദ്ര ഥാര്‍ 2020 ഒക്റ്റോബറിലാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഗ്ലോബല്‍ NCAP-യില്‍ നിന്ന് 4-സ്റ്റാര്‍ സുരക്ഷ റേറ്റിംഗും സ്വന്തമാക്കി. പ്രതീക്ഷിച്ചപോലെ അതിവേഗം വലിയ ഹിറ്റായി മാറി. അലോയ് വീലുകള്‍, പിന് നിരയില്‍ മുന്നിലേക്ക് നോക്കിയിരിക്കാവുന്ന സീറ്റുകള്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സഹിതം ടച്ച്സ്ക്രീന്‍ ഡിസ്പ്ലേ, ഉന്നത നിലവാരമുള്ള ഇന്റീരിയര്‍ തുടങ്ങിയ ഫീച്ചറുകള്‍ ലഭിച്ചു . 5 ഡോര്‍ പതിപ്പിന്റെ സ്റ്റൈലിംഗ് സമാനമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു.
മെക്കാനിക്കല്‍ കാര്യങ്ങളില്‍ മാറ്റമുണ്ടായേക്കില്ലെന്നാണ് സൂചന. 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 2.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്നിവയാണ് എന്ജിന് ഓപ്ഷനുകള്‍. നിലവിലെ 3 ഡോര്‍ ഥാര്‍ ഉപയോഗിക്കുന്ന എന്ജിന് ഓപ്ഷനുകളാണ് ഇത്. 6 സ്പീഡ് മാന്വല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് നിലവിലെ ഥാറിന്റെ രണ്ട് എന്‍ജിനുകളുടെയും ട്രാന്സ്മിഷന് ഓപ്ഷനുകള്‍. 4 വീല്‍ ഡ്രൈവ് സ്റ്റാന്‍ഡേഡായി എല്ലാ വകഭേദങ്ങളിലും ഉണ്ട്.






