
ന്യൂഡൽഹി: ഇന്ത്യയുടെ വാക്സീൻ നയത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി സുപ്രീം കോടതി. വാക്സീൻ വിലനിർണ്ണയം എന്തുകൊണ്ട് കേന്ദ്രം ഏറ്റെടുക്കുന്നില്ലെന്ന് സുപ്രീംകോടതി ചോദിച്ചു. 18-45 ഇടയിലുള്ളവർക്ക് വാക്സീൻ നല്കുന്നതില് നിന്ന് കേന്ദ്രം ഒഴിഞ്ഞു മാറരുതെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. 45 വയസിന് മുകളിലുള്ളവരുടെ വാക്സീൻ പോലെ മറ്റ് വിഭാഗങ്ങൾക്കായും വാക്സീൻ കേന്ദ്രം നേരിട്ട് കമ്പനികളിൽ നിന്ന് വാങ്ങാൻ ശ്രമിക്കണമെന്നാണ് കോടതി പറയുന്നത്.
പകുതി വാക്സീൻ സംസ്ഥാനങ്ങളും സ്വകാര്യ കേന്ദ്രങ്ങളും വാങ്ങട്ടെ എന്ന് എന്തുകൊണ്ട് തീരുമാനിച്ചു എന്ന് കോടതി ചോദിച്ചു. വിലനിർണ്ണയം കമ്പനികൾക്ക് നൽകരുത്. രാജ്യമാകെ വാക്സീന് ഒറ്റ വില നിർണ്ണയിച്ച് ഇത് സർക്കാർ ഏറ്റെടുക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കൊവിൻ ആപ്പിലെ രജിസ്ട്രേഷന് കുടിയേറ്റ തൊഴിലാളികൾ ഉൾപ്പടെ പലർക്കും കഴിയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഡിസംബറോടെ എല്ലാവർക്കും വാക്സീൻ നൽകാനാവും എന്നാണ് സോളസിറ്റർ ജനറൽ കോടതിയെ അറിയിച്ചത്.
വാക്സിൻ രണ്ട് ഡോസുകൾക്കിടയിലെ ഇടവേള വീണ്ടും മാറ്റേണ്ടതുണ്ടോ എന്ന ആലോചനയിലാണ് കേന്ദ്രം. വാക്സീൻ ഒറ്റ ഡോസ് മതിയാകുമോ എന്ന പഠനവും ഓഗസ്റ്റോടെ പൂർത്തിയാക്കാൻ കേന്ദ്രം തീരുമാനിച്ചു. കൊവിഷീൽഡ്, കൊവാക്സിൻ എന്നീ വാക്സീൻ ഡോസുകൾക്കിടയിലെ ഇടവേള നാലു മുതൽ എട്ടാഴ്ച എന്നായിരുന്നു ആദ്യ ധാരണ. എന്നാൽ കൊവിഷീൽഡ് ഡോസ് നൽകാനുള്ള ഇടവേള പിന്നീട് 12 മുതൽ 16 ആഴ്ച വരെ ആക്കി. കൊവാക്സിന് പഴയ ഇടവേള തുടരുകയുമാണ്.






