
ന്യൂഡല്‍ഹി: ഇന്ത്യയില്‍ 5 ജി(അഞ്ചാം തലമുറ) നെറ്റ്വര്‍ക്ക് സേവനങ്ങള്‍ നടപ്പാക്കുന്നതിനെതിരെ ഹര്‍ജിയുമായി ബോളിവുഡ് താരവും പാരിസ്ഥിതി പ്രവര്‍ത്തകയുമായ ജൂഹി ചൗള. ഡല്‍ഹി ഹൈക്കോടതിയിലാണ് നടി ഇതു സംബന്ധിച്ച് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
സാങ്കേതിക വിദ്യയ്ക്ക് എതിരല്ലെന്ന് വ്യക്തമാക്കിയ അവര്‍ എന്നാല്‍ പരിസ്ഥിതിക്ക് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് പ്രധാനമാണെന്നും ഹര്‍ജിയില്‍ പറയുന്നു. റേഡിയോ ഫ്രീക്വന്‍സി റേഡിയേഷനെതിരെ അവബോധം സൃഷ്ടിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന താരം 5 ജി സാങ്കേതിക വിദ്യ അപകടകരവും ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഹാനികരമാണെന്നും വിശ്വസിക്കാന്‍ മതിയായ കാരണമുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.
5 ജി സാങ്കേതിക വിദ്യ മനുഷ്യനും മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും സുരക്ഷിതമാണെന്ന് സാക്ഷ്യപ്പെടുത്താന്ബന്ധപ്പെട്ട വകുപ്പിനോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റേഡിയോ ഫ്രീക്വന്‍സി വികിരണത്തെക്കുറിച്ചുള്ള സ്വന്തം ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷമാണ് ഈ ഹര്‍ജി സമര്‍പ്പിക്കുന്നതെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. വിഷയം പരിഗണിച്ച ജസ്റ്റിസ് സി. ഹരിശങ്കര്‍ കേസില്‍ നിന്ന് പിന്മാറി. കോടതിയുടെ മറ്റൊരു ബെഞ്ചിന് വിട്ടു. കേസില്‍ ജൂണ്‍ രണ്ടിന് വീണ്ടും വാദം കേള്‍ക്കും.






