അടുത്ത തലമുറ ആർസി 390 അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഓസ്ട്രിയൻ ബൈക്ക് ബ്രാൻഡ് കെടിഎം. ബജാജ് ഓട്ടോ സഹ ഉടമയായ കെടിഎമ്മിന്റെ ശ്രേണിയിലെ ഫുൾ ഫെയേർഡ് താരമാണ് ആർസി 390. റിപ്പോർട്ട് പ്രകാരം ജൂണിലോ ജൂലായിലോ ആണ് പുതിയ കെടിഎം ആർസി 390യുടെ അരങ്ങേറ്റമുണ്ടാവുക. എന്നാൽ, ചില കെടിഎം ഡീലർഷിപ്പുകൾ അനൗദ്യോഗികമായി പുത്തൻ ആർസി 390യുടെ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. ബുക്കിങ് തുക 5,000 രൂപ മുതൽ 10,000 രൂപ വരെയാണെന്നാണ് സൂചന.
പുത്തൻ ആർസി 390യുടെ അനൗദ്യോഗിമായി ചിത്രങ്ങൾ ഇപ്പോൾ പുറത്തായിട്ടുണ്ട്. കൂടുതൽ സ്പോർട്ടി ലുക്കിലാണ് പുത്തൻ കെടിഎം ആർസി 390 എന്നാണ് ഈ ചിത്രങ്ങൾ വ്യക്തമാക്കുന്നത്. പുത്തൻ മോഡലിന്റെ ആകർഷണം കൂടുതൽ ഷാർപ്പ് ആയ ഫെയറിങ് ആണ്. ഈ ഫെയറിങ്ങിൽ കൂടുതൽ വലിപ്പത്തിലുള്ള KTM ബ്രാൻഡിംഗ് കാണാം. കെടിഎമ്മിന്റെ സ്വന്തം ഓറഞ്ച് നിറത്തിനു പകരം കറുപ്പിൽ പൊതിഞ്ഞ പുത ഡിസൈനിലുള്ള അലോയ് വീലുകളാണ് ഇതിൽ. വണ്ണം കുറഞ്ഞ ടെയിൽ സെക്ഷൻ, പുതിയ ഡിസൈനിലുള്ള സ്പ്ലിറ്റ് സീറ്റുകൾ, ഗ്രാബ് റെയിലുകൾ എന്നിവയും പുതിയ ആർസി 390യിലുണ്ടാവും. ഗോളാകൃതിയിലുള്ള പെട്രോൾ ടാങ്ക് വലിപ്പത്തിലും അല്പം മുന്നേറിയിട്ടുണ്ട്.
നിലവിൽ വില്പനയിലുള്ള കെടിഎം ആർസി 390യ്ക്ക് 2.66 ലക്ഷം ആണ് എക്സ്-ഷോറൂം വില. പുതിയ മോഡലിന് കുറഞ്ഞത് 20,000 രൂപ വർദ്ധിച്ചേക്കുമെന്നാണ് സൂചന. 373.2 സിസി, സിംഗിൾ-സിലിണ്ടർ, ലിക്വിഡ്-കൂൾഡ് ഫ്യുവൽ-ഇൻജെക്ടഡ് എൻജിൻ പുത്തൻ മോഡലിലും മാറ്റമില്ലാതെ തുടരാനാണ് സാദ്ധ്യത. 42 ബിഎച്പി പവറും 35 എൻഎം ടോർക്കും ഈ എൻജിൻ നിർമ്മിക്കുന്നു. സ്ലിപ്പർ ക്ലച്ച് സഹിതം 6-സ്പീഡ് ഗിയർബോക്സും തുടരും. പുതിയ കെടിഎം ആർസി 390യിൽ പുത്തൻ കെടിഎം 390 ഡ്യൂക്കിന് സമാനമായ സ്പ്ലിറ്റ് ഹെഡ്ലാംപ്, പുതിയ വിൻഡ് സ്ക്രീൻ, അപ്സൈഡ് ഡൌൺ മുൻ സസ്പെൻഷൻ, മോണോ പിൻ സസ്പെൻഷൻ, ടിഎഫ്ടി കളർ ഡിസ്പ്ലേ, ഡ്യുവൽ ചാനൽ എബിഎസ് എന്നിവയും ലഭിച്ചേക്കും.






