
ഇന്ത്യയിലെ പുതിയ ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്കായി ‘യൂത്ത്’ ഓഫര്‍ പ്രഖ്യാപിച്ചു. ഈ ഓഫര്‍ പ്രകാരം 18 മുതല്‍ 24 വയസ്സ് വരെ പ്രായമുള്ളവർ വരിക്കാരായി ചേരുമ്പോള്‍ 500 രൂപ വരെ കാഷ്ബാക്ക് ലഭിക്കും. റിപ്പോർട്ട് അനുസരിച്ചു മൂന്ന് മാസത്തെ അല്ലെങ്കില്‍ വാര്‍ഷിക അംഗത്വം എടുക്കുന്നവര്‍ക്ക് ഓഫര്‍ ലഭിക്കും. പുതിയ ഓഫര്‍ നിലവിൽ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് മാത്രമായാണ് അവതരിപ്പിച്ചത്. ആമസോണ്‍ പ്രൈം വരിക്കാര്‍ക്ക് സൗജന്യ ഡെലിവറി കൂടാതെ ആമസോണ്‍ പ്രൈം വീഡിയോ, ആമസോണ്‍ മ്യൂസിക് തുടങ്ങിയവ ഉപയോഗിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്.
പുതിയ ഓഫര്‍ വഴി ഇന്ത്യയില്‍ വാര്‍ഷിക പ്രൈം അംഗത്വത്തിന് 499 രൂപയും മൂന്നുമാസ അംഗത്വത്തിന് 164 രൂപയും നല്‍കണം. എന്നാല്‍ ഈ ‘യൂത്ത്’ ഓഫര്‍ 18 മുതല്‍ 24 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് മാത്രമാണ് ലഭിക്കുക. യൂത്ത് ഓഫര്‍ ഇപ്പോൾ ആന്‍ഡ്രോയ്ഡ് ആപ്പിലൂടെയും മറ്റെല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ മൊബീല്‍ ബ്രൗസര്‍ വേര്‍ഷനിലൂടെയും നേടാം. മൊബീല്‍ ബ്രൗസറിലൂടെ ആമസോണ്‍ ആപ്പില്‍ ലോഗ് ഇന്‍ ചെയ്ത് യൂത്ത് ഓഫര്‍ ഉപയോഗപ്പെടുത്താം.
ആമസോണ്‍ ഉപയോക്താക്കള്‍ മൂന്നുമാസ, വാര്‍ഷിക അംഗത്വത്തിന് യഥാക്രമം 329 രൂപയും 999 രൂപയുമാണ് അടയ്ക്കേണ്ടത്. കാഷ്ബാക്ക് ലഭിക്കാൻ വയസ്സ് തെളിയിക്കുന്ന രേഖ അപ്ലോഡ് ചെയ്യുക. ഒരു ഐഡി പ്രൂഫ്, ഒരു സെല്‍ഫി എന്നിവയാണ് അപ്ലോഡ് ചെയ്യേണ്ടത്. അപ്ലോഡ് ചെയ്താൽ വാര്‍ഷിക അംഗത്വത്തിന് 500 രൂപയും മൂന്നുമാസ അംഗത്വത്തിന് 165 രൂപയും 48 മണിക്കൂറിനുള്ളില്‍ ആമസോണ്‍ പേ ബാലന്‍സ് എക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യും. ഈ തുക ആമസോണില്‍നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിന് ഉപയോഗിക്കാം.






