
ന്യൂഡല്ഹി: രഹസ്യാന്വേഷണ ഏജന്സികളില് നിന്നോ സുരക്ഷാ സ്ഥാപനങ്ങളില് നിന്നോ വിരമിച്ച ഉദ്യോഗസ്ഥരുടെ അനുഭവക്കുറിപ്പുകള്ക്ക് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. വ്യവസ്ഥയില് പിഴവ് വരുത്തുന്ന വിരമിച്ച ഉദ്യോഗസ്ഥന്റെ പെന്ഷന് മൊത്തമായോ ഭാഗികമായോ തടഞ്ഞുവെക്കാനും പിന്വലിക്കാനും പുതുക്കിയ ചട്ടം വ്യവസ്ഥ ചെയ്യുന്നു.
രാജ്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗത്തിലും സുരക്ഷാ വിഭാഗത്തിലും സേവനമനുഷ്ഠിച്ച ഉദ്യോഗസ്ഥര് തങ്ങളുടെ ഔദ്യോഗിക ജീവിതാനുഭവങ്ങള് പുസ്തക രൂപത്തിലും മറ്റും പ്രസിദ്ധീകരിച്ചത് മുന്നിര്ത്തിയാണ് ചട്ടങ്ങളില് മാറ്റംവരുത്താന് കേന്ദസര്ക്കാര് തീരുമാനിച്ചത്.
ഔദ്യോഗിക ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങള് പരസ്യപ്പെടുത്തുന്നതിന് മുമ്പ് പ്രസ്തുത സ്ഥാപനങ്ങളില് നിന്ന് മുന്കൂറായി അനുമതി നേടിയിരിക്കണമെന്ന നിര്ബന്ധിത വ്യവസ്ഥയോടെ പെന്ഷന് ചട്ടങ്ങളില് കേന്ദ്രസര്ക്കാര് ചൊവ്വാഴ്ച ഭേദഗതി വരുത്തി.
പ്രസ്തുത സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട തന്റെ അറിവില് പെടുന്ന കാര്യങ്ങള് മുന്കൂര് അനുമതിയില്ലാതെ സേവനകാലത്തോ വിരമിച്ച ശേഷമോ ഒരു തരത്തിലും പ്രസിദ്ധപ്പെടുത്തില്ലെന്ന സത്യവാങ് മൂലം ഉദ്യോഗസ്ഥര് നല്കണമെന്നാണ് 1972 ലെ സെന്ട്രല് സിവില് സര്വീസസ് (പെന്ഷന്)ചട്ടത്തിന്റെ റൂള് 8 വ്യവസ്ഥ ചെയ്യുന്നത്.
വ്യവസ്ഥ ലംഘിക്കുന്ന പക്ഷം അതിന്റെ പൂര്ണ ഉത്തരവാദിത്വവും ബാധ്യതയും ഉദ്യോഗസ്ഥരില് നിക്ഷിപ്തമായിരിക്കും.







Comments