
ജാപ്പനീസ് ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹോണ്ട കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾക്കനുസരിച്ച് പുത്തൻ എൻജിൻ നൽകി പുത്തൻ യൂണികോൺ വില്പനക്കെത്തിയത്. 98,190 എക്സ്-ഷോറൂം വിലയുണ്ടായിരുന്ന യൂണികോൺ ബിഎസ്6-ന് ഇപ്പോൾ 1,02,213 രൂപയാണ് എക്സ്-ഷോറൂം വില എന്നാണ് റിപ്പോർട്ട്. എന്നാൽ, ജൂൺ മാസത്തിൽ യൂണികോൺ ക്യാഷ്ബാക്ക് നേടാനുള്ള അവസരം ഹോണ്ട നൽകുന്നുണ്ടെന്നാണ് സൂചന.
റിപ്പോർട്ട് അനുസരിച്ചു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഇഎംഐ രീതിയിൽ യൂണികോൺ വാങ്ങുമ്പോഴാണ് ക്യാഷ്ബാക്ക് ലഭിക്കുക. 3,500 രൂപ വരെയാണ് ക്യാഷ്ബാക്ക് ലഭിക്കുക. ഇതിനായി കുറഞ്ഞത് 40,000 രൂപയുടെ പണമിടപാട് നടത്തണം (ഡൗൺപേയ്മെന്റ് തുക). കൂടാതെ, ഹോണ്ടയുടെ മറ്റ് ഇരുചക്രവാഹന മോഡലുകളായ എക്സ്-ബ്ലേഡ്, ഷൈൻ, ഹോർനറ്റ് 2.0, ഗ്രാസിയാ 125, ആക്ടിവ 6ജി, ഡിയോ എന്നീ മോഡലുകൾക്ക് ഈ മാസം അവസാനം വരെ ഇതേ ഓഫർ ലഭ്യമാണ്.
ഡിസ്പ്ലേസ്മെന്റ് കൂടിയ 160 സിസി എൻജിനാണ് ബിഎസ്6 ഹോണ്ട യൂണികോണിൽ ലഭിക്കുന്നത്. പുതിയ 162.7 സിസി സിംഗിൾ-സിലിണ്ടർ എൻജിൻ ഹോണ്ട ഇക്കോ ടെക്നോളജി, ഫ്യുവൽ ഇൻജെക്ഷൻ സാങ്കേതിക വിദ്യ എന്നിവ സഹിതമാണ് എത്തുന്നത്. 7500 അർപിഎമ്മിൽ 12.73 ബിഎച്പി പവർ ആണ് നിർമ്മിക്കുന്നത്. 12.73 ബിഎച്പി തന്നെയായിരുന്നു മുൻപത്തെ 150 സിസി എഞ്ചിന്റെയും പവർ ഔട്ട്പുട്ട്. എന്നാൽ 12.8 എൻഎമ്മിൽ നിന്ന് ടോർക്ക് 14 എൻഎം ആയി വർദ്ധിച്ചിട്ടുണ്ട്. ഇംപേരിയൽ റെഡ് മെറ്റാലിക്, പേൾ ഇഗ്നെസ് ബ്ലാക്ക്, മാറ്റ് ആക്സിസ് ഗ്രേയ് മെറ്റാലിക് എന്നീ മൂന്ന് നിറങ്ങളിൽ ബിഎസ്6 ഹോണ്ട യൂണികോൺ സ്വന്തമാക്കാം.






