
ഗൂഗിളിന്റെ പുതിയതായി പുറത്തിറങ്ങാൻ പോകുന്ന ക്രോം 91 (Chrome 91) അപ്ഡേറ്റിൽ പുതിയ ‘സേഫ് ബ്രൗസിംങ്’ ഫീച്ചർ എത്തുന്നു. പുതിയ അപ്ഡേറ്റ് എത്തുന്നതോടെ ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് മികച്ച ഗൂഗിൾ എക്സറ്റന്ഷനുകൾ തിരഞ്ഞെടുക്കാനും മറ്റു വെബ്സൈറ്റുകളിൽ നിന്നും ഡൗൺലോഡുകൾ നടത്തുമ്പോൾ വൈറസുകളിൽ നിന്നും കൂടുതൽ സുരക്ഷയും ലഭിക്കുന്നു.
ഈ പുതിയ ഫീച്ചർ അടുത്ത അപ്ഡേറ്റിൽ മാത്രമാണ് ഉപയോക്താക്കൾക്ക് ലഭിക്കുക. സുരക്ഷിതമല്ലാത്ത എക്സ്റ്റൻഷൻ ഡൗൺലോഡ് ചെയ്യുകയാണെങ്കിൽ ക്രോം ഒരു മുന്നറിയിപ്പ് നൽകും. ഒരു ബോക്സിലായിരിക്കും മുന്നറിയിപ്പ് പ്രത്യക്ഷപ്പെടുക. പുതിയ ‘സേഫ് ബ്രൗസിങ്’ ഓൺ ചെയ്യുകയാണെങ്കിൽ ക്രോം വഴി നിങ്ങൾ ഡൗൺലോഡ് ചെയ്യുന്ന എല്ലാ ഫയലുകളിലും വൈറസ് ഉണ്ടോയെന്ന് ഗൂഗിൾ പരിശോധിക്കും. വൈറസ് ഉണ്ടെങ്കിൽ അലർട്ട് ലഭിക്കും.
സേഫ് ബ്രൗസിങ്ങിലേക്ക് വെബ്സൈറ്റ് യുആർഎല്ലുകൾ നൽകി പരിശോധിക്കാൻ സാധിക്കും. മാത്രമല്ല, ചെറിയ പേജ് സാമ്പിളുകളും, എക്സ്റ്റൻഷൻ ആക്ടിവിറ്റികളും, ഡൗൺലോഡുകളും,സിസ്റ്റം വിവരങ്ങളും അയച്ച് പുതിയ വെല്ലുവിളികൾ തിരിച്ചറിയാൻ സഹായിക്കും. താത്കാലികമായി ഈ ഡാറ്റകൾ നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടുമായി ബന്ധിപ്പിക്കുകയും മറ്റു ഗൂഗിൾ അപ്പുകളിൽ സംഭവിക്കാവുന്ന സുരക്ഷാ പ്രശ്നങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുമെന്ന് ഗൂഗിൾ വ്യക്തമാക്കുന്നു. സേഫ് ബ്രൗസിങ് ഓൺ ചെയ്യാൻ ഗൂഗിൾ ക്രോമിലെ സെറ്റിങ്സിൽ കയറി, പ്രൈവസി ആൻഡ് സെക്യൂരിറ്റിയിൽ നിന്ന് സെക്യൂരിറ്റി തിരഞ്ഞെടുത്ത് അതിലെ എൻഹാൻസ്ഡ് പ്രൊട്ടക്ഷൻ (Enhanced protection) എന്നതിൽ നിന്ന് സേഫ് ബ്രൗസിങ് തിരഞ്ഞെടുക്കാവുന്നതാണ്.






