
ബിഎസ് 6 പാലിക്കുന്ന 2021 ഡുകാറ്റി പാനിഗാലെ വി4 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പുതു തലമുറ പാനിഗാലെ വി4 രണ്ട് വേരിയന്റുകളില്‍ ലഭിക്കും. സ്റ്റാന്‍ഡേഡ് വേരിയന്റിന് 23.50 ലക്ഷം രൂപയും എസ് എന്ന ടോപ് സ്പെക് വേരിയന്റിന് 28.40 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില. റിപ്പോർട്ട് പ്രകാരം സ്റ്റാന്‍ഡേഡ് വേരിയന്റിന് 80,000 രൂപയും എസ് വേരിയന്റിന് 1.90 ലക്ഷം രൂപയും വര്‍ധിച്ചു. രാജ്യത്തെ എല്ലാ ഡീലര്‍ഷിപ്പുകളിലും ബുക്കിംഗ് ആരംഭിച്ചു
ഇപ്പോള്‍ ഭാരത് സ്റ്റേജ് 6 (ബിഎസ് 6) മാനദണ്ഡങ്ങള്‍ പാലിക്കുമ്പോഴും രണ്ട് വേരിയന്റുകളും 2020 മോഡലിന്റെ അതേ കരുത്തും ടോര്‍ക്കും നിലനിര്‍ത്തിയെന്നാണ് സൂചന. 1,103 സിസി, ഡെസ്മോസെഡിച്ചി സ്ട്രഡാലെ, വി4 എന്ജിന് ആണ് ലഭിക്കുന്നത്. ഇത് ഇപ്പോഴും 13,000 ആര്‍പിഎമ്മില്‍ 214 ബിഎച്ച്പി കരുത്തും 9,500 ആര്‍പിഎമ്മില്‍ 124 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. നിരവധി ഘടനാപരമായ, എയ്റോഡൈനാമിക്, ഇലക്ട്രോണിക് മാറ്റങ്ങള്‍ പുതിയ പാനിഗാലെ വി4ൽ ലഭിക്കുന്നു.
ഇതിനൊപ്പം, ബിഎസ് 6 പാലിക്കുന്ന ഡുകാറ്റി ഡിയാവെല്‍ 1260 മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. റിപ്പോർട്ട് പ്രകാരം സ്റ്റാന്‍ഡേഡ് വേരിയന്റിന് 18.49 ലക്ഷം രൂപയും എസ് വേരിയന്റിന് 21.49 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്സ് ഷോറൂം വില. ‘ത്രില്ലിംഗ് ബ്ലാക്ക്’ കൂടാതെ എസ് വേരിയന്റിന് പുതുതായി ‘ഡുകാറ്റി റെഡ്’ കളര്‍ ഓപ്ഷന് നല്കി. സ്റ്റാന്‍ഡേഡ് വേരിയന്റ് ‘ടോട്ടല്‍ ബ്ലാക്ക്’ കളര്‍ ഓപ്ഷനില്‍ വാങ്ങാന്‍ സാധിക്കും. ബിഎസ് 6 പാലിക്കുന്ന ഡിയാവെല്‍ 1260 മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത് അതേ 1,262 സിസി, എല്‍ ട്വിന്‍, ടെസ്റ്റാസ്ട്രെറ്റ ഡിവിടി എന്‍ജിനാണ്.
ഈ മോട്ടോര്‍ 9,500 ആര്‍പിഎമ്മില്‍ 160 ബിഎച്ച്പി കരുത്തും 7,500 ആര്‍പിഎമ്മില്‍ 129 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. ഇരട്ട സിലിണ്ടര്‍ ഡുകാറ്റി ഡിയാവെല്‍ 1260 എന്‍ജിന്റെ ബോര്, സ്ട്രോക്ക് എന്നിവ യഥാക്രമം 106 എംഎം, 71.5 എംഎം എന്നിങ്ങനെയാണ്.






