
ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ യമഹ, FZ-X എന്ന പേരിൽ പുതിയ ബൈക്ക് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. പുറത്ത് വന്ന അനൗദ്യോഗിക ചിത്രങ്ങൾ അനുസരിച്ച് പുതിയ റെട്രോ ബൈക്കിന്റെ പേര് FZ-X എന്നാകും എന്നുറപ്പിക്കുന്നു. പുത്തൻ ബൈക്കിന്റെ ലോഞ്ച് ഈ മാസം 18 നാണെന്ന് വ്യക്തമാക്കി യമഹ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 150 സിസി സെഗ്മെന്റിൽ FZ-എഫ്ഐ, FZS-എഫ്ഐ, FZS-എഫ്ഐ വിന്റജ് എഡിഷൻ എന്നിങ്ങനെ മൂന്ന് ബൈക്കുകളാണ് യമഹ വിൽക്കുന്നത്.
യമഹ ആഗോളവിപണിയിൽ വിൽക്കുന്ന എക്സ്എസ്ആർ155 മോഡലിന് സമാനമായിരിക്കും FZ-Xന്റെ ഡിസൈൻ എന്നാണ് ടെസ്റ്റ് ബൈക്കുകൾ നൽകുന്ന സൂചന. യമഹ എക്സ്എസ്ആർ 155 എന്നത് ക്ലാസിക് മുഖഭാവമുള്ള റോഡ്സ്റ്റർ ബൈക്കുകളുടെ ഡിസൈൻ കാലാനുസൃതമായി പരിഷ്കരിച്ചാൽ എങ്ങനെയിരിക്കും എന്നതിന് ഉത്തരമാണ്. നിയോ-റെട്രോ എന്ന പേരിൽ അറിയപ്പെടുന്ന ഇത്തരം ബൈക്ക് മോഡലുകൾ ഇന്ത്യയിൽ വളരെ വിരളമാണ്. അതുകൊണ്ടാണ് FZ-X വിപണിയിലെത്തിക്കാൻ യമഹ തീരുമാനിച്ചത്.
നീളം കൂടിയ ഹാൻഡിൽബാറുകൾ വൃത്താകൃതിയിലുള്ള ഹെഡ്ലാമ്പുകൾ, കോംപാക്ട് ആയ സീറ്റ്, വലിപ്പം കുറഞ്ഞ ഇന്ധന ടാങ്ക്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ടെയിൽ-ലൈറ്റ്, 17 ഇഞ്ച് അലോയ് വീലുകൾ, ടാങ്കിൽ ഘടിപ്പിച്ചിരിക്കുന്ന കീ ഫോബ് എന്നിവയാണ് യമഹ FZ-Xനെ വ്യത്യസ്തമാക്കുന്നത്. 149 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എൻജിൻ തന്നെയാണ് FZ-X-ലും ഇടം പിടിക്കുക. 7,250 ആർപിഎമ്മിൽ 12.2 ബിഎച്ച്പി കരുത്തും 5,500 ആർപിഎമ്മിൽ 13.6 എൻഎം പീക്ക് ടോർക്കും ഈ എൻജിൻ നിർമ്മിക്കുന്നു.






