
തൃശൂര്‍: കൊടകര കേസില്‍ പോലീസ് കണ്ടെടുത്ത കാറും പണവും തിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരന് ധര്‍മരാജനടക്കം മൂന്നു പേര് നല്കിയ ഹര്‍ജി കോടതി മടക്കി. ധര്‍മരാജനൊപ്പം സുഹൃത്ത് സുനില്‍ നായിക്, ഡ്രൈവര്‍ ഷംജീര്‍ എന്നിവര്‍ ഒരുമിച്ചാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ നിയമപരമായ അപാകതകളുണ്ട്. അതിനാല്‍ മൂന്നുപേരും വെവ്വേറെ ഹര്‍ജി നല്‍കാനും ഇരിങ്ങാലക്കുട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നിര്‍ദേശം നല്കി. പണം ഉടമസ്ഥത സംബന്ധിച്ച മതിയായ രേഖകളും സമര്‍പ്പിക്കണം.
പണം സ്വന്തം കച്ചവട ആവശ്യത്തിനായി കൊണ്ടുപോയതാണെന്നും പോലീസ് പിടിച്ചെടുത്ത തുക വിട്ടുകിട്ടണമെന്നുമാണ് ധര്മരാജന് കോടതിയില്‍ ആവശ്യപ്പെട്ടത്. മൂന്നരകോടി രൂപയും തന്റേതാണെന്നും പോലീസ് കണ്ടെടുത്ത 1.40 കോടി രൂപ തിരികെ കിട്ടണമെന്നും രേഖകള്‍ കൈവശമുണ്ടെന്നും ധര്മരാജന് ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
ഡല്‍ഹിയിലെ കച്ചവട ആവശ്യത്തിനാണ് തുക കൊണ്ടുപോയതെന്നാണ് വെളിപ്പെടുത്തല്‍. കേസില്‍ ഇനിയും പണം കണ്ടെടുക്കാന്‍ പരക്കം പായുന്ന പോലീസിനു ഈ നീക്കം തിരിച്ചടിയായി. ആരോപണശരങ്ങളില്‍ നട്ടംതിരിയുന്ന ബി.ജെ.പിക്കു ഫലത്തില്‍ ആശ്വാസവുമായി. മൂന്നര കോടി രൂപയുണ്ടെന്നു വ്യക്തമാക്കിയതോടെ ബാക്കി തുക കണ്ടെടുക്കേണ്ടത് പോലീസിന്റെ ബാധ്യതയായി. ധര്‍മരാജനൊപ്പം സുനില്‍നായികും ഷംജീറും ചേര്‍ന്നാണ് ഹര്‍ജി നല്‍കിയത്. ധര്മരാജന് സപ്ലൈകോയ്ക്ക് വസ്തുക്കള്‍ വിതരണം ചെയ്യുന്ന കച്ചവടക്കാരനാണെന്നും വ്യക്തമാക്കി.
മുമ്പ് 25 ലക്ഷം നഷ്ടമായെന്നു ചൂണ്ടിക്കാട്ടിയാണ് ധര്മരാജന് ഡ്രൈവര്‍ മുഖേന പോലീസില്‍ പരാതി നല്‍കിയത്.






