
ഹ്യുണ്ടായ് അല്‍ക്കസര്‍ എസ്യുവിയുടെ പ്രീ ബുക്കിംഗ് ഇന്ത്യയില്‍ ഔദ്യോഗികമായി ആരംഭിച്ചതായി റിപ്പോർട്ട്. 25,000 രൂപയാണ് ബുക്കിംഗ് തുക. കൊവിഡ് കാലത്ത് തുറന്നിരിക്കുന്ന ഡീലര്‍ഷിപ്പുകളിലോ അല്ലെങ്കില്‍ കമ്പനിയുടെ ‘ക്ലിക്ക് ടു ബൈ’ വെബ്സൈറ്റിലോ ഹ്യുണ്ടായ് അല്‍ക്കസര്‍ ബുക്ക് ചെയ്യാമെന്നാണ് സൂചന. ഹ്യുണ്ടായി ക്രെറ്റയുടെ ഏഴ് സീറ്റര്‍ പതിപ്പാകുന്ന ഈ വാഹനം ഡിസൈനിങ്ങിലും ക്രെറ്റയോട് സമാനമാണ്. മൂന്ന് നിരകളിലായി 6 സീറ്റര്‍, 7 സീറ്റര്‍ ഓപ്ഷനുകളില്‍ എസ്യുവി ലഭിക്കും.
പ്രീമിയം 7 സീറ്റര്‍ എസ്യുവിയുടെ ബുക്കിംഗ് ആരംഭിച്ചതായി പ്രഖ്യാപിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ വില്‍പ്പന, വിപണന, സര്‍വീസ് വിഭാഗം ഡയറക്റ്റര്‍ തരുണ്‍ ഗാര്‍ഗ് പ്രസ്താവിച്ചു. ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലോഞ്ച് സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഈ മാസം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹ്യുണ്ടായ് അല്‍ക്കസര്‍ എസ്യുവിയുടെ എക്സ് ഷോറൂം വില 11 ലക്ഷം മുതല്‍ 19 ലക്ഷം രൂപ വരെ പ്രതീക്ഷിക്കുന്നു.
ഹ്യുണ്ടായ് അല്‍ക്കസര്‍ എസ്യുവിയുടെ നീളം, വീതി എന്നിവ യഥാക്രമം 4,330 എംഎം, 1,790 എംഎം എന്നിങ്ങനെയാണ്. വീല്‍ബേസ് 2,760 മില്ലിമീറ്ററാണ്. ക്രെറ്റയേക്കാള്‍ 150 എംഎം കൂടുതല്‍. ടാറ്റ സഫാരി, എംജി ഹെക്ടര്‍ പ്ലസ്, മഹീന്ദ്ര എക്സ്യുവി 500 എന്നിവയായിരിക്കും എതിരാളികള്‍. 159 എച്ച്പി കരുത്ത്, 192 എന്‍എം ടോര്‍ക്ക് പരമാവധി ഉല്‍പ്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ പെട്രോള്‍, 115 എച്ച്പി കരുത്ത്, 250 എന്‍എം ടോര്‍ക്ക് പരമാവധി പുറപ്പെടുവിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്നിവയായിരിക്കും എന്ജിന് ഓപ്ഷനുകള്‍ എന്നാണ് റിപ്പോർട്ട്.






