നാലാം തലമുറ സ്കോഡ ഒക്ടാവിയ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. സ്റ്റൈല്‍, ലോറിന് ആന്‍ഡ് ക്ലെമന്റ് എന്നീ രണ്ട് വേരിയന്റുകളില്‍ എത്തുന്ന വാഹനത്തിന് യഥാക്രമം 25.99 ലക്ഷം രൂപയും 28.99 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില.നിലവിൽ ഹ്യുണ്ടായ് ഇലാന്‍ട്ര മാത്രമാണ് ഇന്ത്യയിലെ എതിരാളി. എക്സിക്യൂട്ടീവ് സെഡാന് സെഗ്മെന്റിലെ ലീഡറാണ് എല്ലായ്പ്പോഴും സ്കോഡ ഒക്ടാവിയ.
പുതിയ മോഡലിന്റെ മുന്നിലും പിന്നിലും മാറ്റങ്ങള്‍ കാണാം. മുന്നില്‍ പുതിയ ഗ്രില്‍, സ്ലീക്ക് എല്‍ഇഡി ഹെഡ്ലൈറ്റുകള്, പുതുക്കിപ്പണിത ബംപര്‍ എന്നിവ ലഭിക്കും. പുതിയ 17 ഇഞ്ച് അലോയ് വീലുകളാണ് ഉപയോഗിക്കുന്നത്. സ്കോഡ ഇതിനെ പള്‍സര്‍ ബ്ലാക്ക് എന്നാണ് വിളിക്കുന്നത്. ബോണറ്റ് ഇപ്പോള്‍ കൂടുതലായി ചെത്തിയെടുത്തതുപോലെ തോന്നുന്നു. പിറകില്‍ കുറേക്കൂടി ഷാര്‍പ്പ് ലുക്ക് ലഭിച്ചു. സ്ലീക്ക് റാപ്പ്എറൗണ്ട് ടെയ്ല്‍ലൈറ്റുകള്‍, ആംഗുലര്‍ ക്യാരക്ടര്‍ ലൈനുകള്‍ എന്നിവ കാണാം. പുതിയ മോഡലുകളില്‍ കാണുന്നതുപോലെ നീളത്തില്‍ സ്കോഡ എന്ന എഴുത്തും കാണാം.
2021 സ്കോഡ ഒക്ടാവിയ ഉപയോഗിക്കുന്നത് 2.0 ലിറ്റര്‍, 4 സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് ടിഎസ്ഐ പെട്രോള്‍ എന്‍ജിനാണ്. ഈ എൻജിൻ 188 ബിഎച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ട്രാന്സ്മിഷന് സ്റ്റാന്‍ഡേഡായി നൽകി. ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന് ഓഫ് ഇന്ത്യ രേഖപ്പെടുത്തിയത് അനുസരിച്ച് 15.81 കിലോമീറ്ററാണ് ഇന്ധനക്ഷമത. മൂന്നക്ക വേഗം കൈവരിക്കുന്നതിന് 6.9 സെക്കന്‍ഡ് മതി. എട്ട് എയര്‍ബാഗുകള്‍, ഫറ്റീഗ് അലര്‍ട്ട്, മള്‍ട്ടി കൊളീഷന്‍ ബ്രേക്ക്, എബിഎസ്, ഇഎസ്സി, ഇബിഡി, എഎസ്ആര്‍, ഇലക്ട്രോണിക് ഡിഫ്രന്‍ഷ്യല്‍ ലോക്ക് എന്നിവ സ്റ്റാന്‍ഡേഡ് സുരക്ഷാ ഫീച്ചറുകളാണ്.
കസ്റ്റമൈസ് ചെയ്യാവുന്ന 12.3 ഇഞ്ച് വലുപ്പമുള്ള വര്‍ച്വല്‍ കോക്പിറ്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സഹിതം പുതിയ 10 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ലോറിന് ആന്‍ഡ് ക്ലെമന്റ് വേരിയന്റില്‍ വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനം, 12 സ്പീക്കറുകളോടുകൂടി 600 വാട്ട് ‘കാന്റണ്‍’ ഓഡിയോ സിസ്റ്റം എന്നിവ ലഭിക്കുന്നു. സീറ്റുകളില്‍ തുകല്‍ പൊതിഞ്ഞു. അലങ്കാരത്തിനായി വുഡ്, തുകല്‍, ബ്രഷ്ഡ് ക്രോം എന്നിവ കാബിനില്‍ ഉപയോഗിച്ചു.






