മഹീന്ദ്ര പുതുതായി രൂപീകരിച്ച ഗ്ലോബല്‍ ഡിസൈന്‍ ഓര്‍ഗനൈസേഷനെ നയിക്കാന്‍ പ്രതാപ് ബോസിനെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായും ചീഫ് ഡിസൈന്‍ ഓഫീസറായും നിയമിച്ചതായി പ്രഖ്യാപിച്ചു. ഒരു മാസം മുന്നെയാണ് ടാറ്റ മോട്ടോര്‍സിന്റെ ഗ്ലോബല്‍ ഡിസൈന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നും പ്രതാപ് ബോസ് പടിയിറങ്ങിയത്.
റിപ്പോർട്ട് പ്രകാരം വെസ്റ്റ് മിഡ്ലാന്റിലെ കോവെന്‍ട്രിയില്‍ സ്ഥാപിക്കുന്ന കമ്പനിയുടെ പുതിയ ആഗോള ഡിസൈന്‍ സെന്ററായ മഹീന്ദ്ര അഡ്വാന്‍സ്ഡ് ഡിസൈന്‍ യൂറോപ്പില്‍ (MADE) ബോസ് പ്രവര്‍ത്തിക്കും. മാത്രമല്ല, യുകെ ഡിസൈന്‍ സെന്ററിനും നിലവിലുള്ള മഹീന്ദ്ര ഇന്ത്യ ഡിസൈന്‍ സ്റ്റുഡിയോയ്ക്കും അദ്ദേഹം നേതൃത്വം നല്‍കുമെന്നാണ് സൂചന.
യുകെ ഡിസൈന്‍ സെന്റര്‍, നിലവിലുള്ള മഹീന്ദ്ര ഇന്ത്യ ഡിസൈന്‍ സ്റ്റുഡിയോ (MIDS) എന്നിവ മഹീന്ദ്രയുടെ പുതിയ ഗ്ലോബല്‍ ഡിസൈന്‍ ഓര്‍ഗനൈസേഷനില്‍ ഉള്‍പ്പെടുന്നു. ഇലക്ട്രിക് വെഹിക്കിള്‍ (BEV), LCV ഉല്‍പ്പന്നങ്ങള്‍ (3.5 ടണ്ണില്‍ താഴെ), വലിയ CV വാഹനങ്ങള്‍, ലാസ്റ്റ് മൈല്‍ മൊബിലിറ്റി (LMM), പ്യൂഗെ സ്കൂട്ടറുകള് എന്നിവയുള്‍പ്പെടെ ആധികാരിക എസ്യുവികള് പോലുള്ള എല്ലാ പ്രധാന ബിസിനസ്സ് വിഭാഗങ്ങളുടെയും രൂപകല്‍പ്പനയ്ക്ക് പ്രതാപ് മേല്‍നോട്ടം വഹിക്കുമെന്നാണ് റിപ്പോർട്ട്.






