
തിരുവനന്തപുരം: ആറ്റുകാല്‍ ക്ഷേത്രത്തിനടത്ത് നടക്കുന്ന അക്രമത്തില്‍ പോലും പ്രതികരിക്കാന്‍ കൂട്ടാക്കാത്ത മന്ത്രി വി.ശിവന്‍കുട്ടി രാജ്യദ്രോഹക്കേസ് പ്രതിയായ അയിഷാ സുല്‍ത്താനയ്ക്ക് പിന്തുണ അറിയിക്കുകയാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്. ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന മന്ത്രി, മറ്റൊരു സംസ്ഥാനത്ത് റജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസില്‍ ഇടപെടുന്നത് ഭരണഘടനാ ലംഘനമാണെന്നും പറഞ്ഞു.
ലക്ഷദ്വീപിലെ ജനങ്ങള്‍ക്കു മേല്‍ കേന്ദ്ര സര്‍ക്കാര്‍ 'ബയോ വെപ്പണ്‍' പ്രയോഗിച്ചു എന്ന ഗുരുതരമായ പരാമര്‍ശം നടത്തിയ ആയിഷയോട് ഫോണില്‍ വിളിച്ച് പിന്തുണയും ആശംസുമറിയിച്ച മന്ത്രി വി ശിവന്‍കുട്ടിയുടെ നടപടി പ്രതിഷേധാര്‍ഹമാണ്. മുഖ്യമന്ത്രിയെയും തന്നെയും വന്നു കണ്ടാല്‍ ലക്ഷദ്വീപ് പൊലീസില്‍നിന്നു രക്ഷിക്കാമെന്നാണ് ആയിഷ സുല്‍ത്താനയോടു ശിവന്‍കുട്ടി ഫോണില്‍ പറഞ്ഞത്.
ആറ്റുകാല്‍ ക്ഷേത്ര പരിസരത്ത് അക്രമവും വ്യാപക ഗുണ്ടാ വിളയാട്ടവും നടക്കുന്നതിന്റെ അനേകം വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. കോവിഡ് ചികിത്സാ കേന്ദ്രത്തിനുനേരെ പോലും ആക്രമണം ഉണ്ടായി. സ്വന്തം മണ്ഡലത്തില്‍ നടക്കുന്ന അക്രമങ്ങളോടും അഴിമതികളോടും പ്രതികരിക്കാന്‍ സ്ഥലം എംഎല്‍എ ആയ മന്ത്രിക്ക് സമയമില്ല. പക്ഷേ തീവ്രവാദ ചിന്താഗതിക്കാരെ പരസ്യമായി പിന്തുണയ്ക്കുകയാണ്.
ഗുരുതരമായ പരാമര്‍ശമാണ് ആയിഷ സുല്‍ത്താന നടത്തുന്നത്. സാമുദായിക സൗഹാർദം തകര്‍ക്കാനും രാജ്യത്തിന്റെ ഐക്യം തകര്‍ക്കാനുമുള്ള പരാമര്‍ശത്തിനെതിരെയാണ് നിയമപരമായ നടപടികള്‍ ഉണ്ടായിരിക്കുന്നത്. ലക്ഷദ്വീപില്‍ റജിസ്റ്റർ ചെയ്തിരിക്കുന്ന കേസിനെ നിയമപരമായി നേരിടുകയാണു വേണ്ടത്. തന്റെ മണ്ഡലത്തില്‍ നടക്കുന്ന അഴിമതി, അക്രമം എന്നിവയെക്കുറിച്ച് ശിവന്‍കുട്ടിക്ക് ഒന്നും മിണ്ടാനില്ല.
ആറ്റുകാല്‍ പൊങ്കാലയുടെ പേരു പറഞ്ഞ് ലക്ഷങ്ങളുടെ കൊള്ളയാണ് നഗരസഭ നടത്തിയത്. കോവിഡ് കാലത്ത് ഭക്ഷണം നല്‍കിയതിന്റെ പേരിലും വെട്ടിപ്പ് നടന്നിരിക്കുന്നു. അക്രമം കോവിഡ് കേന്ദ്രങ്ങള്‍ക്ക് നേരെ വരെ നടന്നു കഴിഞ്ഞു. ഇതിലൊന്നും ഒന്നും പറയാനില്ലാത്ത മന്ത്രി രാജ്യദ്രോഹ ക്കുറ്റത്തിന് മറ്റൊരു സംസ്ഥാനത്ത് എടുത്തിരിക്കുന്ന കേസില്‍ ഇടപെടാമെന്ന് വാഗ്ദാനം കൊടുക്കുകയാണ് ചെയ്തിരിക്കുന്നതെന്നും ആരോപിച്ചു.






