
'മറിമായം' എന്ന പരമ്പരയിലൂടെ ശ്രദ്ധേയയായ താരമാണ് മഞ്ജു പത്രോസ്. നിരവധി സിനിമകളിലും മഞ്ജു ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ബിഗ് ബോസ് മത്സരാര്‍ത്ഥിയായും മഞ്ജു പങ്കെടുത്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ തന്റെ എല്ലാ വിശേഷങ്ങളും മഞ്ജു പങ്കുവെയ്ക്കാറുണ്ട്. തനിക്കെതിരെ ബോഡി ഷെയിമിങ് നടത്തിയ ആള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മഞ്ജു. മഞ്ജു പങ്കുവച്ച ഡാന്‍സ് വിഡിയോയ്ക്ക് താഴെയാണ് താരത്തിന്റെ ശരീരത്തെ പരിഹസിച്ച് ഒരാള്‍ കമന്റ് ചെയ്തത്.
''എന്തൊക്കെയാണ് ഈ ചക്കപ്പോത്ത് കാണിക്കുന്നത്?- എന്നായിരുന്നു കമന്റ്. ഈ കമന്റിട്ടയാള്‍ക്ക് തന്റെ പുരുഷസങ്കല്പ്പവുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരുപാട് കുറവുകളുണ്ട്. മോഹന്‍ലാലും ദിലീപും സൂര്യയുമൊക്കെ ചെയ്ത രംഗങ്ങള്‍ ഇയാള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിനെ ഞാന്‍ അധിക്ഷേപിച്ചാല്‍ അത് ആരുടെ തെറ്റാണ്? താങ്കള്‍ക്ക് ഈ മുഖഭാവവും ശരീരഘടനയും നല്‍കിയത് ഈശ്വരനാണ്. അത് ഉള്‍കൊള്ളാന്‍ സാധിക്കാത്തതും അതിന്റെ പേരില്‍ കളിയാക്കുന്നതും തെറ്റാണ്. ഇത്തരം ബോഡി ഷെയിമിങ് ദയവായി ചെയ്യരുത്. അടുത്ത തലമുറയെ എങ്കിലും വെറുതെ വിടണം'' - മഞ്ജു പറയുന്നു.






