ധനുഷ് നായകനായ പുതിയ സിനിമ ജഗമേ തന്തിരത്തിൽ മലയാളത്തിന്റെ ജനപ്രിയ ഗായകൻ സന്നിധാനന്ദന് പാടിയ പാട്ട് തരംഗമായിരിക്കുകയാണ്. പിസ, ജഗർത്തണ്ട, പേട്ട തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത കാർത്തിക്ക് സുബരാജിന്റെ ഏറ്റവും പുതിയ സിനിമ ജഗമേ തന്തിരത്തിൽ സന്തോഷ് നാരായണന്റെ സംഗീതത്തിലാണ് സന്നിധാനന്ദൻ പാടിയത്. സൗത്ത് ഇന്ത്യ മുഴുവനും ഹിറ്റ് ആയ ഈ പാട്ട് പാടാൻ അവസരം ലഭിച്ച വഴികളെക്കുറിച്ച് സന്നിധാനന്ദൻ സംസാരിക്കുന്നു.
എങ്ങനെയാണ് ഈ ധനുഷ് ചിത്രത്തിൽ പാടാനുള്ള അവസരം ലഭിച്ചത് ?
എന്റെ ശബ്ദത്തെക്കുറിച്ച് പറഞ്ഞത് ചിത്രച്ചേച്ചിയുടെ സ്റ്റുഡിയോയിലെ സൗണ്ട് എഞ്ചിനീയർ ആന്റണി ചേട്ടനാണ്. ഗായകൻ രഞ്ജിത് ഉണ്ണി യാണ് എന്റെ നമ്പർ കൊടുത്തത്. ആന്റണി എന്ന വ്യക്തി മഹാനായ സി ഒ ആന്റോ എന്ന ഗായകന്റെ മകനാണ്. ഈ സിനിമയുടെ പ്രൊഡക്ഷനിലുള്ള ആർപി ബാലസാറിനോട് ആന്റണി ചേട്ടൻ എന്നെക്കുറിച്ച് പറഞ്ഞു. അദ്ദേഹം വഴിയാണ് ഞാൻ ഈ സിനിമയിൽ പാടുന്നത്. ആദ്യം മലയാളം വേർഷനിലാണ് പാടുന്നത്. മലയാളം വേർഷനിൽ രണ്ടു പാട്ടുകൾ പാടി. തെലുങ്ക് വേർഷനിൽ ഒരു പാട്ടും പാടി.
പെരിയറും പെരുമാളും, കബാലി, മാസ്റ്റർ, വടചെന്നൈ തുടങ്ങിയ പൊളിറ്റിക്കൽ സിനിമകൾ കമ്പോസ്ചെയ്ത സന്തോഷ് നാരായണന്റെ സിനിമയുടെ സംഗീതത്തിൽ പാടിയ അനുഭവം ? സാന്നിധാനന്ദൻ പാടിയ തെലുങ്ക് വേർഷൻ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത് ?
അതേ ആ പാട്ട് ഇപ്പോൾ ഹിറ്റ് ആയിരിക്കുകയാണ്. മലയാളത്തിൽ എന്റെ ശബ്ദം കേട്ടപ്പോൾ അവർക്കു ഇഷ്ടായി. അങ്ങനെയാണ് തെലുങ്കിലും എന്നെകൊണ്ട് പാടിപ്പിക്കാൻ തീരുമാനിച്ചത്. സന്തോഷ് നാരായണൻ സാറ് തന്നെയാണ് അത് പറഞ്ഞത്. അത് വളരെ സന്തോഷം തോന്നി. കഴിഞ്ഞ ദിവസം സാർ വിളിച്ചു കുറച്ചു നേരം സംസാരിച്ചു. സന്തോഷ് സാറും ഭയങ്കര സംതൃപ്തനാണ്. പിസ, ജഗർത്തണ്ട, കാല, കബാലി, മാസ്റ്റർ, പെരിയറും പെരുമാൾ, കൊടി, വടചെന്നൈ തുടങ്ങിയ വമ്പൻ സിനിമകൾ കമ്പോസ് ചെയ്ത സന്തോഷ് നാരായൺസാർ സൗത്ത് ഇന്ത്യയിലെ പുതിയ തലമുറയിലെ ഏറ്റവും ശ്രദ്ധേയനായ മ്യൂസിക് ഡയറക്ടർമാരിൽ ഒരാളാണ്. അതുകൊണ്ട് തന്നെ ഈ അവസരം വളരെ വളരെ വലിയതാണ്. ഏറെ സന്തോഷം നൽകുന്നതാണ്. പാട്ട് കേട്ട് എല്ലാവരും വിളിച്ചു. ഗായകരും സംഗീത സംവിധായകരും വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു.
ധനുഷ്, കാർത്തിക് സുബരാജ്, സന്തോഷ് നാരായണൻ - ഈ കൂട്ടുകെട്ടിൽ നിന്നുണ്ടായ ജഗമേ തന്തിരം സൗത്ത് ഇന്ത്യ മുഴുവനും ഒടിടി റിലീസിന് ഒരുങ്ങുകയാണ് ?
ധനുഷ് എന്ന നടനെ കോളേജ് കാലം മുതൽ ഞാൻ ആരാധിക്കുന്ന ആളാണ്. ആടുകളം ആയാലും അസുരനായാലും ഒടുവിൽ റിലീസ് ആയ കർണനായാലും ധനുഷിന്റെ അഭിനയം അത്രയ്ക്കും ഗംഭീരം ആണ്. രണ്ടു തവണ ഇന്ത്യയിലെ മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ച ധനുഷിന്റെ സിനിമയിൽ പാടാൻ കഴിഞ്ഞതിൽ ഭാഗ്യമായി കരുതുന്നു. പിസ, ജഗർത്തണ്ട, പേട്ട, മെർക്കുറി തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത കാർത്തിക്കു സുബരാജ് എന്ന സംവിധായാകന്റെ ഏറ്റവും പുതിയ സിനിമ. ഈ വമ്പൻ സിനിമയിൽ പാടാൻ സന്തോഷ് നാരായണൻ എന്ന മ്യൂസിക് ഡയറക്ടർ മുഖേനെ സാധിച്ചു. ധനുഷിന്റെ ആരാധകരെ പോലെ ഞാനും ഈ സിനിമ കാണാനായി കാത്തിരിക്കുന്നു.
ജഗമേ തന്തിരത്തിലെ സന്നിധാനന്ദന്റെ പാട്ടുകേള്‍ക്കാം
ഗായിക സയനോര ഫിലിപ്പ് ആദ്യമായി ഈണമിട്ട കുട്ടൻപിള്ളയുടെ ശിവരാത്രിയിലെ സന്നിധാനന്ദൻ പാടിയ ചക്കപ്പാട്ട് മുൻപ് വളരെ ഹിറ്റ് ആയിരുന്നല്ലോ ?
സുഹൃത്തും ഗായികയുമായ സയനോര കംപോസ് ചെയ്ത ചക്കപ്പാട്ട് അന്ന് യൂട്യൂബിൽ വളരെ വൈറൽ ആയിരുന്നു. തൃശിവപേരൂര് ക്ലിപ്തം എന്ന സിനിമയില്‍ ബിജിപാല്‍ സാറിന്റെ പാട്ട് ഞാന്‍ പാടിയിട്ടുണ്ട്. അതില്‍ സയനോരയും പാടിയിട്ടുണ്ട്. സയനോര അന്ന് എന്നോട് പറഞ്ഞു: ഗോപി സുന്ദര്‍ സാറിന്റെ അടുത്ത് പോയപ്പോള്‍ നിന്റെ ഒരു പാട്ട് ഞാന്‍ കേട്ടു. ടാ ഞാന്‍ നിനക്കുവേണ്ടി ഒരു പാട്ട് കമ്പോസ് ചെയ്തിട്ടുണ്ട് ' അങ്ങനെ പറഞ്ഞപ്പോള്‍ എനിക്ക് അത്ഭുമായി. എന്നാല്‍ ആ പാട്ട് കുട്ടികളെകൊണ്ട് പാടിപ്പിക്കണമെന്ന പ്രശ്നമുണ്ടായി. അങ്ങനെ ആ പാട്ട് സിനിമയില്‍നിന്ന് മാറ്റിയെന്ന് സയനോര പറഞ്ഞു. എനിക്ക് കിട്ടേണ്ട പാട്ടാണെങ്കില്‍ എനിക്കുകിട്ടും. അത് സാരമില്ലെന്നും ഞാന്‍ പറഞ്ഞു. അങ്ങനെ ഞാന്‍ ആത്മവിശ്വാസം കളയാതെനിനിന്നു. പിന്നീട് കുറച്ചുനാൾ കഴിഞ്ഞു സയനോര എന്നെ വിളിച്ചു. ടാ ഒരു പാട്ട് അയച്ചുതരാം നീ അതൊന്ന് പാടിതരണം' . വളരെ സന്തോഷമെന്ന് ഞാനും പറഞ്ഞു. എനിക്ക് ഇഷ്ടമുള്ള രീതിയില്‍ പാടാന്‍ സയനോര എന്നെ അനുവദിച്ചു. ഞാന്‍ എന്റെ പരിമിതിക്കുള്ളില്‍നിന്നുകൊണ്ട് എന്റെ ശൈലിയില്തന്നെപാടി. പല്ലവി പാടികഴിഞ്ഞപ്പോള്തന്നെ സയനോരയ്ക്ക് സന്തോഷമായി. സയനോര ആഗ്രഹിച്ച ഔട്ട് എനിക്ക് കൊടുക്കാനായി. ഞാന്‍ പാടി കഴിഞ്ഞപ്പോള്‍ സയനോര പറഞ്ഞു: ടാ എന്റെ ഒരു പാട്ടിനെ നീ രക്ഷിച്ചു. ഈ പാട്ട് ഞാന്‍ മാറ്റാന്‍ തീരുമാനിച്ചിരുന്നു'.
ദേശീയ പുരസ്കാരം ലഭിച്ച സുരാജ് വെഞ്ഞാറമൂടിന്റെ ഒരു ഹിറ്റ് സിനിമ ആയിരുന്നു കുട്ടൻപിള്ളയുടെ ശിവരാത്രി ?
സൂരാജേട്ടന്റെ അമ്മയ്ക്കും അച്ഛനും കാണാനായി എന്റെ ഒരു ഗാനമേള അവരുടെ ക്ഷേത്രത്തില്‍ സ്പോന്സര് ചെയ്തിട്ടുണ്ട്. സുരാജേട്ടന്റെ അച്ഛനും അമ്മയ്ക്കും എന്നെ വല്ല്യ ഇഷ്ടമാണ്. 2007 ല്‍ എന്നെ സുരാജേട്ടന് വിളിച്ചു. എന്റെ അമ്പലത്തില്‍ ഒരു ഗാനമേള വേണം. എന്റെ അമ്മയ്ക്കും അച്ഛനും നിന്നെ കാണാന്‍ വളരെ മോഹം എന്ന് പറഞ്ഞാണ് സുരേജേട്ടന് എന്നെ ക്ഷണിച്ചത്. ആ സമയത്ത് സുരാജേട്ടന്റെ കൂടെ സ്റ്റേജ് ഷോയ്ക്കു എല്ലാം പോയിട്ടുണ്ട്. സുരാജേട്ടനോടുള്ള ആത്മബന്ധം അന്നുമുതലേയുണ്ട്. പാട്ടിന് എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ സുരാജേട്ടന് തിരുത്തിതരുമെന്ന പ്രതീക്ഷയുണ്ട്. അങ്ങനെയാക്കെയുള്ള സ്വാതന്ത്ര്യമുണ്ട് എനിക്ക് . പിന്നെ മണിച്ചേട്ടനെപ്പോലെ തന്നെ നമ്മുടെ ചേട്ടനാണ് സുരാജേട്ടന്. അതുകൊണ്ട്തന്നെ നല്ലൊരു ആത്മബന്ധംമുണ്ട്. അതൊക്കെക്കൂടിയാണ് ആ പാട്ട് പാടാനുള്ള ആത്മവിശ്വാസം ഉണ്ടായത്.
ആദ്യ പാട്ട് കലാഭവൻ മണിയുടെ സിനിമയിൽ അല്ലേ ആദ്യം പാടിയത് ?
സിനിമയിലെ എന്റെ ആദ്യത്തെ മൂന്നു പാട്ടും കലാഭവന്‍ മണിച്ചേട്ടന്റെ സിനിമകളിലാണ് പാടിയത്. സ്വര്‍ണം എന്ന സിനിമയില്‍ മോഹന്‍ സിത്താര സാറിന്റെ സംഗീതത്തില്‍ ആദ്യം പാടി. പിന്നെ ശരത്ത് സാറിന്റെ സംഗീതത്തില്‍ പുള്ളിമാന്‍ എന്ന സിനിമയില്‍. പിന്നെ മൂന്നാമത് പാടിയത് അണ്ണാറക്കണ്ണനും തന്നാലായത് എന്ന ചിത്രത്തില്‍.
ഈ മേഖലയിൽ ഗായകനായുള്ള അതിജീവനം ?
ഞാന്‍ ഇപ്പോഴും പാടുന്നുണ്ടെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല. അത് അത്ഭുതമാണ്. കുറേ പരിമിതികളിലൂടെയാണ് ഞാന്‍ കടന്നുവന്നത്. കാരണം ചുണ്ടിന്റെ പ്രശ്നങ്ങള്‍, കഷ്ടപ്പാടും , ജീവിതപ്രശ്നങ്ങളും അങ്ങനെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നു എന്റെ ജീവിതം. ദിലീപേട്ടന്റെ സൗണ്ട്തോമ കണ്ട് കരഞ്ഞ ഒരാള്‍ ഞാന്‍ മാത്രമായിരിക്കും. അതിലെവിടെയൊക്കെയോ അല്ല അതില്‍ ഫുള്‍ടൈം ഞാനുണ്ടായിരുന്നു. എനിക്കു ആത്മവിശ്വാസംകിട്ടുന്നത് മറ്റുള്ളവര്‍ പറയുമ്പോഴാണ്. ഞാന്‍ ബൂത്തില്‍ നിന്ന് പാടുമ്പോള്‍ എന്നെ പാടിക്കുന്നവരുടെ വിശാസമാണ് എന്റെ ആത്മവിശാസം. അല്ലെങ്കില്‍ സ്റ്റേജില്‍നിന്ന് പാടുമ്പോഴും അങ്ങനെതന്നെ കാണികളുടെ മുഖത്തെ സന്തോഷമാണ് എന്റെ ആത്മവിശ്വാസം.
സന്നിധാനന്ദന്റെ പാട്ടിന്റെ കുട്ടിക്കാലം?
എനിക്ക് ഓര്‍മയുണ്ട് റേഡിയോയിലെ പാട്ടുകള്‍ കേട്ടാണ് ഞാന്‍ വളര്‍ന്നത്. ഇന്ന് കുറേ എഫ്.എം. സ്റ്റേഷനുകളുണ്ട്. പാട്ട് നമുക്ക് കൊണ്ടുനടക്കാം. റേഡിയോയിലെ പാട്ട് കേട്ടാണ് എന്റെ കുട്ടിക്കാലവും കൗമാരവും കടന്നുപോയത്. പിന്നെ യൂത്ത് ഫെസ്റ്റിവലുകള്‍, ക്ഷേത്രങ്ങളിലെ പാട്ട്. അച്ഛന്റെ കൂടെ മലയ്ക്കുപോകുമ്പോള് പാടിയിരുന്നു. അമ്പലത്തില്‍ ഭജനയ്ക്കാണ് ആദ്യമായി പാടിയത്. സിനിമയില്‍ ആദ്യമായി പാടിയത് മോഹന്‍ സിത്താര സാര്‍ ഈണമിട്ട സ്വര്‍ണം എന്ന ചിത്രത്തിലാണ്. ശരത്ത് സാറിന്റെ പുള്ളിമാന്‍, വിദ്യാസാഗര്‍ സാറിന്റെ ഓര്‍ഡിനറി, പിന്നെ ഇതിഹാസ, ഗോപിസുന്ദര്സാറിന്റെ ദിവാന്‍ജിമൂല, ബിജിപാല്‍ സാറിന്റെ ഗോഡ്സെ, തൃശിവപേരൂര് ക്ലിപ്തം, ഷെര്‍ലക്ടോംസ് തുടങ്ങിയ സിനിമകളിലെല്ലാം പാടി. ഞാന്‍ പാടിയ പാട്ടുകളില്‍ കുട്ടന്‍പിള്ളയുടെ ശിവരാത്രി യിലെ സയനോര ഈണമിട്ട ചക്കപ്പാട്ടാണ് മുൻപ് ഏറ്റവും ഹിറ്റായത്.
ഇഷ്ട സംഗീതസംവിധായകര്‍ ?
എം.എസ്. വിശ്വനാഥന്, കെ.വി. മഹാദേവന് എന്നിവരാണ് പ്രിയപ്പെട്ട സംഗീത സംവിധായകര്‍. തമിഴ് സിനിമാസംഗീതം സമ്പന്നമായിരിക്കുമ്പോള്തന്നെ നമ്മുടെ മലയാളത്തിലും മികച്ച സംഗീത സംവിധായകരും മറക്കാനാകാത്ത പാട്ടുകള്‍ സമ്മാനിച്ചു. ദേവരാജന്‍ മാഷ്, അര്ജുനന് മാഷ്, ദക്ഷിണാമൂര്‍ത്തി ഇവരെല്ലാവരെയും എനിക്ക് ഏറെ ഇഷ്ടപ്പെട്ടവര്‍ തന്നെയാണ്. മലയാളത്തിൽ കുറെ പുതിയ മികച്ച സംഗീത സംവിധായകരുണ്ട്. എല്ലാവരും അവരുടേതായ കഴിവുകൾ തെളിയിച്ചവരാണ്.
ധനേഷ് കൃഷ്ണ