
കൊച്ചി: 'ജൈവായുധ' പരാമര്‍ശത്തിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത ലക്ഷദ്വീപ് സ്വദേശിനി ആയിഷ സുല്‍ത്താന ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി. എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകുമ്പോള്‍ അറസ്റ്റു ചെയ്താല്‍ ഇവര്‍ക്ക് ഇടക്കാല ജാമ്യം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
ചാനല്‍ ചര്‍ച്ചയ്ക്കിടെ ജൈവായുധ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്നാണ് ആയിഷ സുല്‍ത്താനയ്ക്കെതിരെ ലക്ഷദ്വീപ് ഭരണകൂടം രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. ചോദ്യം ചെയ്യലിനിടെ അറസറ്റു ചെയ്താല്‍ 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തില്‍ വിട്ടയ്യക്കണമെന്നാണ് കോടതി നിര്‍ദേശം.
കേസില്‍ വിധി പറയാന്‍ മാറ്റിവെച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അറസ്റ്റ് മരഖപ്പെടുത്തിയാലും അഭിഭാഷകന്റെ സാന്നിധ്യത്തില്‍ മാത്രമേ ചോദ്യം ചെയ്യാവൂ എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഞായറാഴ്ച 4.30 ന് കവരത്തി പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നാണ് അറിയിച്ചിരിക്കുന്നത്.






