
മുംബൈ: മുംബൈയില്‍ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ച മൂന്ന് കുട്ടികളുടെ കണ്ണ് നീക്കം ചെയ്തു. മൂന്നു കുട്ടികളുടെയും ഓരോ കണ്ണുകള്‍ വീതമാണ് നീക്കം ചെയ്തത്. മുംബൈയിലെ രണ്ട് ആശുപത്രികളിലായി നടന്ന ശസ്ത്രക്രിയയില്‍ 4, 6, 14 എന്നിങ്ങനെ പ്രായമുള്ള കുട്ടികളുടെയാണ് കണ്ണുകള്‍ നീക്കം ചെയ്തത്.
ഇതില്‍ 14 വയസുള്ള കുട്ടി പ്രമേഹബാധിതയായിരുന്നു. എന്നാല്‍ മറ്റ് രണ്ട് കുട്ടികള്‍ പ്രമേഹബാധിതരായിരുന്നില്ല. പതിനാലുകാരിക്ക് കോവിഡ് രണ്ടാം തരംഗത്തിലാണ് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചത്.ആശുപത്രിയിലെത്തി 48 മണിക്കൂറിനുള്ളില്‍ 14 കാരിയുടെ കണ്ണുകളിലൊന്ന് കറുപ്പായി മാറുകയായിരുന്നുവെന്ന് ഫോര്‍ട്ടീസ് ആശുപത്രി അധികൃതര്‍ പറഞ്ഞു.
കുട്ടിയുടെ മൂക്കിലേക്കും ഫംഗസ് വ്യാപിച്ചിരുന്നു. നാലും, ആറും വയസുളള കുട്ടികളെ കെ.ബി.എച്ച് ബചുവാലി ഒഫ്താല്‍മിക് ആന്‍ഡ് ഇഎന്‍ടി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. ഇവര്‍ രണ്ട് പേരും കോവിഡ് ബാധിതരായിരുന്നു. ബ്ലാക്ക് ഫംഗസ് കുട്ടികളുടെ കണ്ണുകളിലേക്ക് പടര്‍ന്നിരുന്നു. കുട്ടികളുടെ ജീവന് രക്ഷിക്കുന്നതിനുവേണ്ടിയാണ് കണ്ണ് നീക്കം ചെയ്തതതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.






