
ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ യമഹ ഇന്ത്യയിലെ FZ ശ്രേണിയിലേക്ക് FZ-X അവതരിപ്പിച്ചിരിക്കുന്നു. 1,16,800 രൂപയാണ് യമഹ FZ-Xന്റെ എക്സ്-ഷോറൂം വില. 150 സിസി സെഗ്മെന്റിൽ FZ-എഫ്ഐ, FZS-എഫ്ഐ, FZS-എഫ്ഐ വിന്റജ് എഡിഷൻ എന്നിങ്ങനെ മൂന്ന് ബൈക്കുകളാണ് യമഹ നിലവിൽ വിൽക്കുന്നത്. Y-കണക്ട് ആപ്പുമായി ചേർന്ന് പ്രവർത്തിക്കുന്ന ബ്ലൂടൂത്ത് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുള്ള പ്രീമിയം പതിപ്പിന് 3000 രൂപ കൂടുതലായാണ്. ആദ്യത്തെ ഇരുന്നൂറ് FZ-X ഉപഭോക്താക്കൾക്ക് യമഹ ഒറിജിനൽ കാസിയോ ജി-ഷോക്ക് വാച്ച് സൗജന്യമായി ലഭിക്കുമെന്നാണ് റിപ്പോർട്ട്.
യമഹ ആഗോളവിപണിയിൽ വിൽക്കുന്ന എക്സ്എസ്ആർ155 ബൈക്കിന്റെ സ്വാധീനം FZ-Xൽ കാണാം. മഴതുള്ളുയെപോലെ തോന്നിപ്പിക്കുന്ന പെട്രോൾ ടാങ്ക്, വൃത്താകൃതിയിലുള്ള ഹെഡ്ലാംപ്, സഹയാത്രികന്റെ ഭാഗം അല്പം പൊങ്ങി നിൽക്കുന്ന സീറ്റുകൾ, ഇന്റഗ്രേറ്റഡ് ഗ്രാബ് റെയിൽ, ഫോർക്കുകൾക്ക് ഗെയ്റ്ററുകൾ എന്നിവ ക്ലാസിക് ലുക്ക് നൽകും. ഒപ്പം ബൈ-ഫങ്ക്ഷണൽ എൽഇഡി ഹെഡ്ലൈറ്റ്, കറുപ്പിൽ പൊതിഞ്ഞ പാർട്സുകൾ, എൽഇഡി റെയിൽ ലാമ്പും ഇൻഡിക്കേറ്ററുകളും, കറുത്ത അലോയ് വീലുകൾ എന്നിവയാണ് യമഹ FZ-Xനെ കൂടുതൽ മോഡേൺ ആക്കുന്നു. മാറ്റ് കോപ്പർ, മാറ്റ് ബ്ലാക്ക്, മെറ്റാലിക് ബ്ലൂ എന്നിങ്ങനെ 3 നിറങ്ങളിൽ യമഹ FZ-X വാങ്ങാം.
FZ സീരീസിലെ മറ്റുള്ള ബൈക്കുകൾ ചലിപ്പിക്കുന്ന 149 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എൻജിൻ തന്നെയാണ് FZ-X-ലും. 7,250 ആർപിഎമ്മിൽ 12.2 ബിഎച്ച്പി കരുത്തും 5,500 ആർപിഎമ്മിൽ 13.6 എൻഎം പീക്ക് ടോർക്കും ഈ എൻജിൻ നിർമ്മിക്കുന്നു. ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകളും മോണോ ഷോക്ക് പിൻ സസ്പെൻഷനുമാണ് യമഹ FZ-Xൽ. ബ്രേക്കിംഗ് കൈകാര്യം ചെയ്യാൻ സിംഗിൾ-ചാനൽ എബിഎസ്സിന്റെ സഹായത്തോടെ രണ്ട് ചക്രങ്ങളിലും ഡിസ്ക് ബ്രേക്കുകളും ഉണ്ട്.






