
മാസങ്ങള് നീണ്ട കാത്തിരിപ്പിന് ശേഷം ആൽക്കസാർ എന്ന എസ്യുവി ഇന്ത്യയിൽ അവതരിപ്പിച്ച് ഹ്യുണ്ടേയ്. യഥാർത്ഥത്തിൽ കഴിഞ്ഞ വർഷം തുടക്കത്തിൽ എത്തിയ പുത്തൻ തലമുറ ക്രെറ്റ എസ്യുവിയുടെ ചേട്ടനാണ് ആൽക്കസാർ. ടാറ്റ സഫാരി, എംജി ഹെക്ടർ പ്ലസ്, മഹീന്ദ്ര എക്സ്യുവി500 എന്നീ എസ്യുവികളായിരിക്കും എതിരാളികൾ. മൂന്ന് നിരകളിലായി 6,7 സീറ്റർ പതിപ്പുകളിൽ ആൽക്കസാർ ലഭ്യമാണ്.
പ്രസ്റ്റീജ്, പ്രസ്റ്റീജ് (O), പ്ലാറ്റിനം, പ്ലാറ്റിനം (O), സിഗ്നേച്ചർ, സിഗ്നേച്ചർ (O) എന്നിങ്ങനെ 6 വേരിയന്റുകളിൽ ആൽക്കസാർ എത്തുന്നു. ടൈഗാ ബ്രൗൺ, ടൈഫൂൺ സിൽവർ, പോളാർ വൈറ്റ്, ടൈറ്റൻ ഗ്രേ, ഫാന്റം ബ്ലാക്ക്, സ്റ്റാർറി നൈറ്റ് എന്നീ 6 എക്സ്റ്റീരിയർ നിറങ്ങളിലും ആണ് ഹ്യുണ്ടേയ് ആൽക്കസാർ വില്പനക്കെത്തിയിരിക്കുന്നത്. 16.30 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ വില ആരംഭിക്കുന്നതെന്നാണ് റിപ്പോർട്ട്. ആൽക്കസാറിൻ്റെ പല ബോഡി പാനലുകളും, ഫെൻഡറുകളും, മുൻ നിര ഡോറുകൾ എന്നിവ ക്രെറ്റയ്ക്ക് സമാനമാണ്.
ആൽക്കസാറിനെ ക്രെറ്റയിൽ നിന്നും മുൻകാഴ്ചയിൽ വ്യത്യസ്തമാക്കുന്നത് സ്റ്റഡ്ഡ് ചെയ്ത കൂടുതൽ പ്രീമിയം ലൂക്കിലുള്ള ഗ്രിൽ ആണ്. ആൽക്കസാറിൻ്റെ മറ്റുള്ള ആകർഷണങ്ങൾ പുത്തൻ ടെയിൽ ലൈറ്റുകൾ, പൂർണമായും റീഡിസൈൻ ചെയ്ത ടെയിൽ ഗേറ്റ് എന്നിവയാണ്. ആൽക്കസാറിന് ക്രെറ്റയേക്കാൾ 200 എംഎം നീളവും 40 എംഎം ഉയരവും കൂടുതലാണ്. മൂന്ന് നിര സീറ്റുകൾ ഉള്ളതുകൊണ്ട് തന്നെ വീൽബേസ് കൂടുതലാണ് അൽക്കസാറിന്. 2,760 എംഎം (ക്രെറ്റയേക്കാൾ 150 എംഎം കൂടുതൽ) ആണ് വീൽബേസ്.
2.0-ലിറ്റർ, 4-സിലിണ്ടർ എൻജിൻ ആണ് അൽകാസറിന്റെ ഒരു എൻജിൻ ഓപ്ഷൻ. എലാൻട്ര, റ്റ്യൂസോൺ മോഡലുകളെ ചലിപ്പിക്കുന്നതും ഇതേ എൻജിനാണ്. 1.5-ലിറ്റർ, 4-സിലിണ്ടർ ടർബോ ഡീസൽ ആണ് മറ്റൊരു എൻജിൻ. 6-സ്പീഡ് മാന്വൽ 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളിൽ ഇരു എൻജിനുകളും ലഭിക്കും. ഹ്യുണ്ടേയ് അൽകാസറിൽ കംഫർട്ട്, ഇക്കോ, സ്പോർട്ട് എന്നീ റൈഡിങ് മോഡുകളും സാൻഡ്, സ്നോ, മഡ് എന്നീ ട്രാക്ഷൻ കണ്ട്രോൾ മോഡുകളും ഉണ്ട്.






