
രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ ഭാരതി എയർടെൽ 456 രൂപയുടെ പുതിയ പ്രീപെയ്ഡ് റീചാർജ് അവതരിപ്പിച്ചു. പുത്തൻ റീചാർജിൽ 50 ജിബി ഡാറ്റയും 60 ദിവസം വാലിഡിറ്റിയുമാണ് ആകർഷണം. കൂടാതെ, പരിധിയില്ലാത്ത വോയിസ് കോളുകളും, പ്രതിദിനം 100 എസ്എംഎസ്സുകളും പുത്തൻ റീചാർജിന്റെ ഭാഗമാണ്. 456 രൂപയുടെ പുത്തൻ പ്രീപെയ്ഡ് റീചാർജ് വിവരങ്ങൾ എയർടെൽ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തു. എയർടെൽ താങ്ക്സ് ആപ്പ് വഴിയും ഗൂഗിൾ പേ, പേടിഎം ആപ്പുകൾ വഴിയും ഓഫ്ലൈൻ സ്റ്റോറുകൾ മുഖേനയും പുതിയ റീചാർജ് ചെയ്യാമെന്നാണ് റിപ്പോർട്ട്.
പുതിയ 456 രൂപയുടെ പുത്തൻ റീചാർജിൽ 30 ദിവസം ആമസോൺ പ്രൈം വീഡിയോ മൊബൈൽ എഡിഷൻ, എയർടെൽ എക്സ്ട്രീം പ്രീമിയം, വിങ്ക് മ്യൂസിക് ട്രയൽ സബ്സ്ക്രിപ്ഷനും ലഭിക്കും. കൂടാതെ, ഹലോ ട്യൂണുകളും 456 റീചാർജ് പ്ലാനിന്റെ ഭാഗമാണ്. 50 ജിബി ഡാറ്റയിൽ കൂടുതൽ ഉപയോഗത്തിന് മെഗാബൈറ്റ് 50 പൈസ ആണ് നിരക്ക്. ഓഫറിന്റെ ഭാഗമായി ഷാ അക്കാഡമിയുടെ ഓൺലൈൻ കോഴ്സുകൾ ഒരു വർഷം വരെ സൗജന്യമായി പഠിക്കാം. ഫാസ്റ്റാഗ് ഉപഭോക്താക്കൾക്ക് 100 ക്യാഷ്ബാക്കും 456 റീചാർജ് പ്ലാനിൽ ലഭ്യമാണ്.
റിലയൻസ് ജിയോ കഴിഞ്ഞ ആഴ്ച അവതരിപ്പിച്ച 447 രൂപയുടെ റീചാർജ് പ്ലാനിനോടാണ് എയർടെല്ലിന്റെ പുതിയ 456 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാൻ മത്സരിക്കുക. പ്രതിദിന ഡാറ്റ പരിധിയില്ലാത്ത ജിയോ 447 രൂപയുടെ റീചാർജ് പാക്കിൽ 50 ജിബി ഹൈസ്പീഡ് ഡാറ്റ, പരിധിയില്ലാത്ത കോളുകൾ, പ്രതിദിനം 100 എസ്എംഎസുകൾ, 60 ദിവസം വാലിഡിറ്റി എന്നിവയാണ് ലഭിക്കുക. 447 രൂപയുടെ റീചാർജ് പ്ലാനിൽ ജിയോ അപ്പുകളായ ജിയോടിവി, ജിയോസിനിമ, ജിയോന്യൂസ്, ജിയോസെക്യൂരിറ്റി, ജിയോക്ളൗഡ് അക്സെസ്സും ഉൽപഭോക്താക്കൾക്ക് ലഭിക്കും.






